ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഡി.ടി.പി.സി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മേയര്‍ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ വിശിഷ്ടാതിഥിയായി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ അനിത മുഖ്യപ്രഭാഷണം നടത്തി. ഡെ. ഡി.എം.ഒ പി പ്ലാസ റെഡ് റിബ്ബണ്‍ അണിയിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു.ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. എം സാജന്‍ മാത്യൂസ്, കെ.ജി.എം.ഒ എ ജില്ലാ പ്രസിഡന്റ് ഡോ. രോഹന്‍ രാജ്, ഡെ. എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ ഡെന്നിസ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

ദിനാചരണത്തിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ നഴ്സിങ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ബോധവത്ക്കരണ റാലി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് എയ്ഡ്സ് ബോധവത്ക്കരണ മാജിക് ഷോ, നഴ്സിങ് വിദ്യാര്‍ഥികളുടെ ബോധവത്ക്കരണ കലാപ്രകടനങ്ങള്‍ നടന്നു.ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്ക്കരണ സന്ദേശങ്ങള്‍ അടങ്ങിയ ഒരു എല്‍.ഇ.ഡി വാന്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി.

കൂടാതെ 8, 9, 10 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരവും സംഘടിപ്പിച്ചു.എച്ച്.ഐ.വി ബാധിതരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി റെഡ് റിബണ്‍ ദീപം തെളിയിക്കല്‍ ചടങ്ങ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിത ഉദ്ഘാടനം ചെയ്തു.അവകാശങ്ങളുടെ പാത സ്വീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.