
കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ ഓളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്. മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസ്സുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്.
വനം വകുപ്പാണ് പാസ് നൽകുന്നത്. ഇന്ന് മുതൽ പ്രത്യേക പാസ്സ് ഭക്തജനങ്ങൾക്ക് ലഭ്യമാകും. രാവിലെ മുക്കുഴിയിൽ നടന്ന ചടങ്ങിൽ ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഡോ അരുൺ എസ് നായർ പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുകേഷ് എം കെ, മുക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജയപ്രകാശ് കെ സാപ്പ് ഇ.ഡി സി ചെയർമാൻ ജോഷി മറ്റ് ഉദ്യോഗസ്ഥർ ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



