പാലക്കാട്: കല്ലടിക്കോട് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം അവരവരുടെ വീടുകളിലേയ്ക്ക് എത്തിച്ചു. അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിച്ചത്.

അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് വീടുകളിലേയ്ക്ക് കൊണ്ടുപോയത്. വീടുകളിലെത്തിക്കുന്ന മൃതദേഹത്തിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം രാവിലെ 8.30 മണി മുതൽ 10 വരെ തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനം നടക്കും. അതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും. തുപ്പനാടിന് സമീപം ചെറൂളിയിൽ അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാലു പേരുടെയും വീടുകൾ.

വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന വഴിക്കാണ് സിമന്റ്‌ ലോഡ് വഹിച്ച ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. കരിമ്പ പനയമ്പാടം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയെന്ന് നാട്ടുകാര്‍ ആരോപിച്ചു. മരിച്ചവര്‍ കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ്