തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലോക്കേഷന്‍ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷന്‍ കോഡ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമ്മീഷനുകളില്‍ ഒന്നായ യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് കമ്മീഷന്‍ ഫോര്‍ യൂറോപ്പ് (UNECE) ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന നിര്‍ദ്ദേശം വച്ചതിനെ തുടര്‍ന്നാണ് മാറ്റം വരുത്തിയത്.

രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ ലോക്കേഷന്‍ കോഡ് ടി ആര്‍ വി എന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് വിഴിഞ്ഞം പോര്‍ട്ട് അതിനായി അപേക്ഷ നല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിസ്റ്റം ആന്റ് ഡാറ്റാ മാനേജ്‌മെന്റാണ് ലോക്കേഷന്‍ കോഡ് അനുവദിക്കുന്ന ഏജന്‍സി. ഈ ഏജൻസി അനുവദിച്ച പുതിയ കോഡിനു UNECE ഇന്ന് അംഗീകാരം നൽകി. 

നാവിഗേഷന്‍, ഷിപ്പിങ്ങ് ഇതിനെല്ലാം ഇനി IN TRV 01 ലോക്കേഷന്‍ കോഡാണ് ഉപയോഗിക്കുകയെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *