
ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. പഞ്ചായത്തുകളിലേക്ക് കെ സ്മാർട്ട് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിന്റെ പൈലറ്റ് റൺ നടക്കും. ഈ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെ സ്മാർട്ട് വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഐഎൽജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതൽ പരിഷ്കരിച്ച പതിപ്പായ കെ സ്മാർട്ട് വിന്യസിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് രണ്ട് സോഫ്റ്റ്വെയറുകളും വികസിപ്പിച്ചത്. 2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും കെ സ്മാർട്ട് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്, ഇതാണ് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
കെ സ്മാർട്ട് പഞ്ചായത്തുകളിൽ കൂടി വിന്യസിക്കുന്നതോടെ ഇ ഗവേണൻസ് രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടമാകും ദൃശ്യമാവുകയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനകം ദേശീയ തലത്തിൽ കെ സ്മാർട്ട് ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പഞ്ചായത്ത് ഓഫീസുകളിലെത്താതെ തന്നെ ഓൺലൈനിൽ എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണ്. ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്കാകാനും കെ സ്മാർട്ടിന് കഴിയും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അഭിമാന പദ്ധതിയായ കെ സ്മാർട്ടിനെ പഞ്ചായത്തുകളിലേക്കും വിന്യസിക്കാൻ സജ്ജമാക്കിയ ഇൻഫർമേഷൻ കേരളാ മിഷനിലെ സാങ്കേതിക വിദഗ്ധരെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാർക്കുള്ള വിപുലമായ പരിശീലന പരിപാടി ജനുവരിയിൽ ആരംഭിക്കും.
ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്, കോൺഫിഗറേഷൻ മൌഡ്യൂൾ, സിവിൽ രജിസ്ട്രേഷൻ, പ്രോപ്പർട്ടി ടാക്സ്, റൂൾ എഞ്ചിനോട് കൂടിയ ബിൽഡിംഗ് പെർമ്മിറ്റ്, പബ്ലിക് ഗ്രീവൻസ്, മീറ്റിംഗ് മാനേജ്മ്റ്, ബിസിനസ് ഫെസിലിറ്റേഷൻ, വാടക/പാട്ടം, പ്രൊഫഷണൽ ടാക്സ്, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്റ്, സേവന പെൻഷൻ, നോ യുവർ ലാൻഡ്, മൊബൈൽ ആപ്പ് എന്നീ സൌകര്യങ്ങളോടെയാകും കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ വിന്യസിക്കുന്നത്. നിലവിൽ ഐഎൽജിഎംഎസിൽ മൂന്ന് മോഡ്യൂളുകളാണ് ലഭ്യമായിരുന്നത്. കൂടുതൽ മികവേറിയതും വേഗത്തിലുമുള്ള സേവനലഭ്യത കെ സ്മാർട്ട് പൊതുജനങ്ങൾക്ക് ഒരുക്കിനൽകും.
2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട്ടിലൂടെ നഗരസഭകളിൽ ഇതിനകം 27.31 ലക്ഷം ഫയലുകളാണ് പ്രോസസ് ചെയ്തത്. ഇതിൽ 20.37 ലക്ഷം ഫയലുകളും തീർപ്പാക്കിയിട്ടുണ്ട്. 74.6 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങൾക്ക് അറിയാൻ സൌകര്യമുണ്ട്. ഒപ്പം, ഫയൽ തീർപ്പാക്കലിൽ മുൻ ആഴ്ചയുമായുള്ള താരതമ്യവും കെ സ്മാർട്ട് ഡാഷ്ബോർഡിലൂടെ അറിയാൻ കഴിയും.


