കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് – 2025 സംഘടിപ്പിക്കും. 

2025 ഫെബ്രുവരി 21ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഐ.കെ.ജി.എസ് ഉത്‌ഘാടനം ചെയ്യും. സമ്മിറ്റിൽ രണ്ടായിരത്തോളം നിക്ഷേപകർ, 30 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ / കോൺസൽ ജനറൽമാർ, വിവിധ വിദേശ കമ്പനികളുടെ പ്രതിനിധികൾ, ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായികൾ, വിവിധ കമ്പനികളുടെ പ്രതിനിധികൾ, സംരംഭകർ, കേരളത്തിലെ പ്രധാന വ്യവസായികൾ, വ്യാപാര വ്യവസായ മേഖലയിലെ സംഘടനകളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരാണ് പങ്കെടുക്കുക. 9 രാജ്യങ്ങൾ കൺട്രി പാർട്‌ണർമാരായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായ വാണിജ്യ സംഘടനകളായ സി.ഐ.ഐ, ഫിക്കി , ടൈ കേരള തുടങ്ങിയവർ വിവിധ തരത്തിൽ പരിപാടിയിൽ പങ്കാളികളാകും. സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സമ്മിറ്റ്. 

22 സെഷനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ വ്യവസായ മേഖലകളിൽ നിലവിലുള്ള ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ചർച്ചകളും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള തുടർ പദ്ധതികളും സെഷനുകളിൽ ചർച്ച ചെയ്യും. സസ്‌റ്റെയ്‌നബൾ ടെക്നോളോജിസ്, ഇന്നോവേഷൻ ആൻഡ് ഇൻഡസ്ട്രി 4.0, സ്ട്രാറ്റജിക് ഇൻഡസ്ട്രീസ്, ഇന്നോവേഷൻ ഇൻ ഹെൽത്ത്, ഫിൻടെക്, ടൂറിസം, ഫുഡ് പ്രോസസ്സിംഗ് തുടങ്ങിയ വിവിധ ഫോക്കസ് സെക്ടറുകളിലൂന്നിയായിരിക്കും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നടത്തുക. വിവിധ മേഖലകളിലുള്ള ഏകദേശം നൂറോളം പ്രഭാഷകർ ഉണ്ടാകും.

സംരംഭകരുടെ അഭിപ്രായങ്ങൾ ആരായുന്നതിനും, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും, നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനുമായി മേഖലാ മീറ്റിംഗുകളും, റോഡ് ഷോകളും, കോൺക്ലേവുകളും ഉൾപ്പെടെ 34 പരിപാടികളാണ് ഐ.കെ.ജി.എസിന് മുന്നോടിയായ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്. ഇതിൽ 24 എണ്ണം പൂർത്തിയായി. ഇൻ്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, റോബോട്ടിക്‌സ് റൗണ്ട് ടേബിൾ, ലൈഫ് സയൻസസ് & ബയോടെക്‌നോളജി, ഫുഡ് ടെക്‌നോളജി & പ്രോസസിംഗ്, മാരിടൈം & ലോജിസ്റ്റിക്‌സ്, റീസൈക്ലിംഗ് & വേസ്റ്റ് മാനേജ്‌മെൻ്റ്, ആയുർവേദം & ഫാർമസ്യൂട്ടിക്കൽസ്, മൂല്യവർദ്ധിത റബ്ബർ & ഹൈ-ടെക് ഫാമിംഗ്, ടൂറിസം, റീടെയിൽ സ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ നടത്തിയ സെക്ടറൽ മീറ്റിംഗുകൾ ഇതിൽ ശ്രദ്ധേയമായി.

എയ്റോസ്പേസ് & ഡിഫൻസ്, കയർ, ഹാൻഡ്‌ലൂം എന്നീ മേഖലകളിലും മീറ്റിംഗുകൾ സംഘടിപ്പിക്കും. ഇത് കൂടാതെ, രാജ്യത്തെ പ്രമുഖ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും റോഡ്ഷോകൾ സംഘടിപ്പിച്ചുവരികയാണ്. ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ റോഡ്‌ഷോകൾ സംഘടിപ്പിച്ചിരുന്നു. 

സംസ്ഥാനത്ത് മൂലധന നിക്ഷേപം കൂടുതൽ ആകർഷിക്കുന്നതിനും തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനും പ്രത്യേക മേഖലകളിലെ നിക്ഷേപ ലക്ഷ്യ സ്ഥാനമായി സംസ്ഥാനത്തെ മാറ്റിയെടുക്കുന്നതിനുമാണ് 2023 ലെ വ്യവസായ നയം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സവിശേഷ സാഹചര്യം മുൻനിർത്തി നിക്ഷേപ സാദ്ധ്യതകളുള്ള 22 മുൻഗണനാ മേഖലകൾ വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭങ്ങൾ സമയബന്ധിതമായി ആരംഭിക്കുന്നതിന് സഹായകരമായ രീതിയിൽ വിവിധ നിയമങ്ങളും ചട്ടങ്ങളും ലളിതവത്കരിച്ചു. സംസ്ഥാനത്തെ നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷം വിവിധ നിക്ഷേപകരിലേക്കും രാജ്യങ്ങളുടെ പ്രതിനിധികളിലേക്കും വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളിലേക്കും ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ ഏജൻസികളിലേക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യമാണ് നിക്ഷേപക സംഗമത്തിനുള്ളത്.  

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) നടത്തുന്ന വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളുടെ ഭാഗമായുള്ള ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിൽ കേരളം ടോപ് അച്ചിവർ സ്ഥാനം കൈവരിച്ചിട്ടുണ്ട്.

ചരിത്രപരമായ ഈ നേട്ടം കേരളത്തെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ്. സംരംഭക വർഷം പദ്ധതിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, “ഇന്നവേഷൻ ഇൻ പബ്ളിക് അഡ്മിനിസ്ട്രേഷൻ എന്ന അംഗീകാരവും നൽകി. ചരിത്രത്തിലെ ഏറ്റവും മികച്ചതും അനുകൂലവുമായ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് മികച്ച ഫലം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.