സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്തിരുന്ന കടയ്ക്കൽ GHSS ലെ ആര്യയ്ക്കും, അമൃതയ്ക്കും ഇനി സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു.

പ്ലസ് വണ്ണിലും, പത്താം ക്ലാസിലും പഠിയ്ക്കുന്ന ഇരുവരുടെയും പിതാവ് രണ്ട് വർഷം മുൻപ് മരിച്ചുപോയിരുന്നു. അസുഖ ബാധിതയായ അമ്മയാണ് ഇവരെ കൂലിപണി എടുത്ത് വളർത്തിയിരുന്നത്.ഇവരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയ കടയ്ക്കൽ GVHSS ലെ അധ്യാപകരുടെയും പി ടി എ യുടെയും ഇടപെടലിൽ കടയ്ക്കലിലെ വ്യാപാരി പള്ളിയമ്പലം ജൂവലറി ഉടമ അഡ്വ ജയചന്ദ്രൻ പിള്ള അറിയുകയും, തന്റെ പേരിൽ കോട്ടപ്പുറത്തുള്ള എട്ടര സെന്റ് സ്ഥലം സ്വമേധയാ കുട്ടികൾക്ക് വീട് വെയ്ക്കുന്നതിന് ഇഷ്ടദാനം നൽകുകയായിരുന്നു.

ഇതറിഞ്ഞ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ആര്യയ്ക്കും, അമൃതയ്ക്കും വീട് വച്ച് നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു.സ്നേഹവീടിന്റെ കുറ്റിയടിയ്ക്കൽ ചടങ്ങ് 12-09-2024 വ്യാഴാഴ്ച രാവിലെ 10.45 ന് കടയ്ക്കൽ കോട്ടപ്പുറത്തുള്ള പ്രസ്തുത ഭൂമിയിൽ നടന്നു.ഇപ്പോൾ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു.ഈ സ്നേഹ വീടിന്റെ പാലുകാച്ചൽ ( കടയ്ക്കൽ കോട്ടപ്പുറം )ഡിസംബർ മാസം 23ന് പകൽ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു.