
തൃശൂര്‍: പ്രശസ്ത നാടക, സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു. 82 വയസായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ തുടങ്ങി 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.
200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.
തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.
1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു.
