
ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന “”സ്വാമി ചാറ്റ് ബോട്ട് “” എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.
നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, ഫോറെസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.
ആധുനികമായ ഈ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണ സംവിധാനം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്.



