ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിന്റെ വ്യവസ്ഥകൾ സമൂഹത്തിന്റെ പ്രാദേശിക തലത്തിൽ അറിയിക്കേണ്ടത് മാനവിക ദൗത്യമാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി അവകാശ നിയമത്തിന്റെ സമഗ്ര ബോധവൽക്കരണത്തിനായി പരിശീലനം നേടിയ പരിശീലകരുടെ സംഗമവും സംസ്ഥാനതല ഉദ്ഘാടനവും തൈക്കാട് ഗസ്റ്റ് ഹൗസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി വിഭാഗങ്ങൾക്കുളള അവകാശങ്ങൾ, ആനുകൂല്യങ്ങൾ, സംരക്ഷണം, നിയമപരമായ അറിവുകൾ എന്നിവ പൊതുസമൂഹത്തിന് നൽകുവാൻ പരിശീലകർക്ക് സാധിക്കും. ഭിന്നശേഷിക്കാർക്കുള്ള അനുകൂല്യങ്ങൾ ഔദാര്യമല്ല, അവകാശമാണെന്ന ദിശാബോധത്തോടുകൂടിയുള്ള പ്രവർത്തനമാണ് ആവശ്യം. അതോടൊപ്പം വിവിധ സർക്കാർ വകുപ്പുകൾ നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹൃദ പദ്ധതികൾ സമൂഹത്തെ അറിയിക്കേണ്ട ഉത്തരവാദിത്വവും പരിശീലകർക്കുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വകുപ്പിന്റെയും ഭിന്നശേഷി കമ്മീഷണറേറ്റിന്റെയും കൃത്യമായ ഇടപെടലുകളിലൂടെ 1561 തസ്തികകളിൽ ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാവുന്ന രീതിയിൽ യോഗ്യതയിൽ മാറ്റം വരുത്തുവാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ ഡോ പി റ്റി ബാബുരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം. സൈനുല്ലാബ്ദീൻ എന്നിവർ സംസാരിച്ചു.