തിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ഹയർസെക്കൻഡറി പരീക്ഷ മാർച്ച് ആറ് മുതൽ 29 വരെയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ 21 വരെ മോഡല്‍ പരീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീയതികൾ അറിയിച്ചത്.കൂടാതെ ഫലപ്രഖ്യാപനം മെയ് മൂന്നാം വാരത്തിനുള്ളിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 4,28,951 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തവണ കേരളത്തിൽ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി നാലും ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് എസ്എസ്എൽസി പരീക്ഷ നടന്നത്. എന്നാൽ രജിസ്‌ട്രേഷനു ശേഷം മാത്രമേ ഇത്തവണ എത്ര കേന്ദ്രങ്ങൾ ഉണ്ടാവൂ എന്ന് പറയാനാകൂ.

ഏതാണ്ട് ഇതേ സംഖ്യ തന്നെയാണ് വരികയെന്നാണ് അറിയാൻ കഴിയുന്നത്. അതേ സമയം 2025 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐറ്റി പൊതു പരീക്ഷയും നടത്തും.