വ്യാജ ഫോൺകോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പൊലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോൺ നമ്പരുകളും വെബ്‌സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കൾക്കു തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബർ വാൾ സംവിധാനമാണ് സംസ്ഥാന പൊലീസിന്റെ സൈബർ ഡിവിഷൻ തയാറാക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുളള കമ്പനിയാണ് ഇതിനായുള്ള സൈബർവാൾ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കുന്നത്.

ഫോൺനമ്പരുകൾ, സാമൂഹികമാധ്യമ പ്രൊഫൈലുകൾ,വൈബ്‌സൈറ്റുകൾ എന്നിവ നിർമിത ബുദ്ധി സാങ്കേതികതയിൽ അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കാനാകും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷൻ സജ്ജമാക്കുക. ഒരു കൊല്ലത്തിനിടയിൽ ആപ് വികസിപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോൾഫ്രീ നമ്പരിലൂടെയും ചില ഫോൺനമ്പറുകളുടെയും വെബ്‌സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാൻ സൗകര്യമുണ്ട്.