ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമസമിതിയുടെയും ആഭിമുഖ്യത്തില്‍ ‘വര്‍ണോത്സവം 2024’ എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. രാവിലെ 8.30 മണിക്ക് ചിന്നക്കട ക്രേവന്‍ എല്‍. എം. എസ്. ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച വര്‍ണാഭമായ ശിശുദിന ഘോഷയാത്ര ജില്ലാ കലക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

പഞ്ചവാദ്യം, മുത്തുക്കുട, ബാന്റ്‌മേളം, കുതിരവണ്ടി, കുട്ടികളുടെ വിവിധ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരന്നു.

ഘോഷയാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് കാച്ചില്‍, ചേമ്പ്, മരച്ചീനി, അവില്‍കുതിര്‍ത്തത്, കരുപ്പട്ടിക്കാപ്പി, നാടന്‍ പഴം, തെരളിയപ്പം, ഇലയപ്പം തുടങ്ങി നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കിയിരുന്നു.

കൊല്ലം ശ്രീനാരായണ കോളേജില്‍ നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി മാസ്റ്റര്‍ അബ്റാര്‍ ടി. നാസിം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി. മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു.കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ തുടങ്ങിയവര്‍ക്കുള്ള അവാര്‍ഡും ജില്ലയില്‍ ഒരുമാസമായി ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡും എം. നൗഷാദ് എം. എല്‍. എ. നല്‍കി.

രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അര്‍ഹനായ കേരളാ പോലീസിലെ എ. സി. പി. പ്രദീപ് കുമാര്‍, എക്സൈസില്‍ വീശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീനാഥ്, വിദ്യാഭ്യാസ വകുപ്പിന്റെ ഒന്ന്, മൂന്ന് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ വരച്ച എസ്. അനന്യ എന്നിവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

റാലിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സ്‌കൂളിനുള്ള കെ. രവീന്ദ്ര നാഥന്‍ നായര്‍ ട്രോഫിയും 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും പട്ടത്താനം വിമല ഹൃദയ സ്‌കൂള്‍ കരസ്ഥമാക്കി.

എന്‍. എസ്.സഹകരണ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ അവാര്‍ഡ് നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ റാലിയില്‍ സല്യൂട്ട് സ്വീകരിച്ചു.കുട്ടികളുടെ പ്രസിഡന്റ് മാസ്റ്റര്‍ മാനവ് ടി. എസ്. അധ്യക്ഷനായി.

കുട്ടികളുടെ സ്പീക്കര്‍ ആഷ്‌ന ഫാത്തിമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സനല്‍ വെള്ളിമണ്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ ദേവ്, ജോയിന്റ് സെക്രട്ടറി സുവര്‍ണന്‍ പരവൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, എസ്. എന്‍. കോളേജ് പ്രിന്‍സിപ്പല്‍ എസ്. വി. മനോജ്, എസ്. അക്ഷജ, എ. ഭവിക ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു