
തിരുവനന്തപുരം> സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻക്യുഎഎസ്) അംഗീകാരം. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്‌കോറും, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68 ശതമാനം സ്‌കോറും നേടിയാണ് എൻക്യുഎഎസ് നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികൾ എൻക്യുഎഎസ്. അംഗീകാരവും 82 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു.
അഞ്ചു ജില്ലാ ആശുപത്രികൾ, നാലു താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 128 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. എട്ടു വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻക്യുഎഎസ് അംഗീകാരത്തിന് മൂന്നു വർഷത്തെ കാലാവധിയാണുളളത്. മൂന്നു വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും.
കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടു ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ഇതും കൂടുതൽ ആശുപത്രി വികസനത്തിന് സഹായിക്കും.



