സംസ്ഥാനം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ആവശ്യമായ പദ്ധതികൾ എല്ലാം നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ചിതറ മൃഗാശുപത്രിയിൽ മേഖലാ കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉൽപാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം.

ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിന് ഒപ്പമോ അതിനു മുകളിലോ ഉൽപാദനക്ഷമതയിലേക്ക് കേരളത്തിന് എത്തേണ്ടതുണ്ട്. നിലവിലുള്ള പശുക്കളിൽ നിന്ന് തന്നെ പാൽ ഉൽപാദനം വർദ്ധിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് അതിനായി പൂർത്തിയാക്കേണ്ടത്. അതിനായി സാധ്യമായതെല്ലാം ചെയ്യാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ക്ഷീര ഉൽപാദകർ നേരിടേണ്ടിവരുന്ന കന്നുകാലികളുടെ വന്ധ്യത പരിഹരിക്കുക എന്നുള്ളത് ക്ഷീര ഉൽപാദനം വർദ്ധിപ്പിക്കുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്നതാണ്. ഇതിന്റെ ഭാഗമായാണ് മേഖല കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്. കെ എൽ ഡി ബോർഡിലൂടെ ആണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഭ്രൂണമാറ്റ പ്രക്രിയയിലൂടെ മുന്തിയ ഇനം പശുക്കുട്ടികളെ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറി കൂടി കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

പാലിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന മഹത് ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്ന പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മടത്തറ അനിൽ അധ്യക്ഷനായി. കെ എൽ ഡി ബോർഡ് മാനേജിങ് ഡയറക്ടർ ഡോ. ആർ രാജീവ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിദ്യാധരൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,സ്ഥിരം സമിതി അധ്യക്ഷർ, ഉദ്യോഗസ്ഥർ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മൊബൈൽ ഒ പി യു ആൻഡ് ഐവിഎഫ്,മൊബൈൽ ലബോറട്ടറിയുടെ ഫ്ലാഗ് ഓഫ് എന്നിവയും മന്ത്രി നിർവഹിച്ചു.