

ഗുരുവായൂർ ∙ 12 വർഷം മുൻപു രണ്ടു മാസം പ്രായമുള്ളപ്പോൾ അനാഥയായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പട്ടിക്കുട്ടി മുന്നൂറിലേറെ ജീവനക്കാരുടെ പ്രിയപ്പെട്ടവളായി. അവർ അവളെ റോസി എന്നു വിളിച്ചു.രോഗബാധിതയായ റോസി വിടവാങ്ങി. കെഎസ്ആർടിസി ഫസ്റ്റ് ഗ്രേഡ് മെക്കാനിക് സി.എസ്.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അന്ത്യോപചാരം നൽകി സംസ്കാരം നടത്തി.

12 കൊല്ലം മുൻപ് ഈ പട്ടിക്കുട്ടി കെഎസ്ആർടിസിയിൽ എത്തിയതു മുതൽ സ്നേഹത്തോടെ പരിചരിച്ചിരുന്നത് ഉണ്ണിക്കൃഷ്ണനാണ്. അവൾക്ക് 3 നേരം ഭക്ഷണം ഉറപ്പാക്കി. മറ്റു ജീവനക്കാരും സഹകരിച്ചു. കോവിഡ് കാലത്തും ഉണ്ണിക്കൃഷ്ണൻ അഞ്ഞൂരിലെ വീട്ടിൽ നിന്നു ഭക്ഷണം എത്തിച്ചു നൽകി. റോസി പ്രത്യുപകാരം ചെയ്തത് വർക് ഷോപ്പിന്റെ കാവൽ ഏറ്റെടുത്തു കൊണ്ടാണ്. കെഎസ്ആർടിസിയുടെ അല്ലാത്ത ഒരു വാഹനവും അവിടേക്ക് പ്രവേശിക്കാൻ സമ്മതിച്ചില്ല.

ജീവനക്കാരല്ലാത്തവരെയും അകറ്റി നിർത്തും. ഏതു തരം കെഎസ്ആർടിസി വാഹനങ്ങളും തിരിച്ചറിയും. ജീവനക്കാരെ യൂണിഫോമിലും അല്ലാതെയും അറിയാം.രണ്ടു മാസം മുൻപ് കഴുത്തിലൊരു മുഴയുമായി റോസി രോഗബാധിതയായി. ഡോ.സെബിൻ, ഗുരുവായൂർ മൃഗാശുപത്രിയിലെ ഡോ. കെ വിവേക് എന്നിവരെ കൊണ്ടുവന്ന് ഉണ്ണിക്കൃഷ്ണൻ ചികിത്സിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ജഡം വെള്ളത്തുണിയിൽ പൂക്കൾ വിരിച്ചു കിടത്തി ചെരാതുകൾ തെളിച്ച് ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് സംസ്കരിച്ചു



