

വെഞ്ഞാറമൂട്: മികച്ച പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് പുല്ലമ്പാറ പഞ്ചായത്തിന്. ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന കേരളത്തിലെ ആദ്യ പഞ്ചായത്താണിത്. തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമ പദ്ധതിയുടെ ഭാഗമായി അഗ്രി എൻജിനിയറിങ്, ജിഐഎസ് സാങ്കേതിക വിദ്യകളെ സംയോജിപ്പിച്ച് നടപ്പാക്കിയ നീരുറവ് പദ്ധതിയടക്കമാണ് അവാർഡിനർഹമാക്കിയത്.
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളും ഇതിനെ മാതൃകയാക്കി പദ്ധതി തയ്യാറാക്കി. സജലം എന്ന പേരിൽ ജില്ലാ ജലശക്തി അഭിയാന്റെ കീഴിൽ ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്‌പ്രിങ് ഷെഡ് വികസന പദ്ധതിയും പൂർത്തിയാക്കി. കളരിവനം വൃക്ഷവൽക്കരണ പദ്ധതിയിലൂടെ വാമനപുരം നദിയുടെ തീരങ്ങളിൽ വൃക്ഷതൈ നട്ടു.
ദേശീയ ബാംബൂ മിഷന്റെ ഫണ്ട് ഉപയോഗിച്ച് മുളംതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്‌തു.തൊഴിലുറപ്പ് പദ്ധതിയിലൂടെ അറുന്നൂറോളം കുളങ്ങൾ നിർമിച്ചു.
കിണർ റീചാർജ് ചെയ്‌തു. ഡി കെ മുരളി എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന നീർധാര പദ്ധതിയുടെ ഭാഗമായും ജല സംരക്ഷണ പ്രവർത്തനം നടപ്പാക്കി. ഇത്തരം പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. 22ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്‌കാരം സമ്മാനിക്കും.


