

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് രജിസ്ടേഷൻ. സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾക്ക് കഴിയും.സമ്പൂർണ ഇ സ്റ്റാമ്പിംഗ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സെമിനാർ ഹാളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്ക് രജിസ്ട്രേഷൻ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
രജിസ്ട്രേഷൻ, റവന്യൂ സർവ്വേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്ട്രേഷൻ നടപടികൾ സുഗമവും സുതാര്യവുമാകും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ തന്നെ പോക്ക്വരവ് കൂടി നടത്തി ഭൂമിയുടെ സർവ്വേ സ്കെച്ച് സഹിതം അന്ന് തന്നെ രേഖകളാക്കി നൽകാൻ പറ്റുന്ന സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇനി മുതൽ രജിസ്ട്രേഷൻ വകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമാക്കും. ഒപ്പം തന്നെ നിലവിൽ സ്റ്റോക്കുള്ളവ പാഴായി പോകാതിരിക്കാൻ സമാന്തരമായി കടലാസു മുദ്രപത്രങ്ങൾ 2025 മാർച്ച് വരെ ഉപയോഗിക്കാൻ അനുമതിയുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.
ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നെതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.
രജിസ്ട്രേഷൻ വകുപ്പിൽ ഒരു ലക്ഷത്തിന് മുകളിലുള്ള മുദ്രപത്രങ്ങൾ നേരത്തെ തന്നെ ഇ-സ്റ്റാമ്പിലൂടെ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. ഇപ്പോൾ ചെറിയ തുകക്കുള്ളതും കൂടി ഈ രീതിയിലേക്ക് മാറും.
രജിസ്ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂർത്തിയായി. അവശേഷിക്കുന്ന ജില്ലകളിലും ഉടൻതന്നെ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു. ബാധ്യതാ സർട്ടിഫിക്കറ്റുകൾ, ചിട്ടി രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ അപേക്ഷ എന്നിങ്ങനെ മിക്കവാറും സേവനങ്ങൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. പണമടക്കാൻ ഇ-പോസ് സംവിധാനവും വിരലടയാളം പതിക്കാൻ ബയോമെട്രിക് സംവിധാനവും ഉടൻ നിലവിൽ വരും



