തൃശ്ശൂര്‍: അയര്‍ലന്‍ഡില്‍ കുടുംബവുമൊത്ത് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി അനീഷ് ജോര്‍ജിന് കഴിഞ്ഞ മാസമൊരു വിളിയെത്തി. മുമ്പ് നടന്ന ഒരു മൂലകോശദാന ക്യാമ്പിൽ അനീഷ് നല്‍കിയ കോശം ഇപ്പോള്‍ രക്താര്‍ബുദബാധിതനായ പതിമ്മൂന്നുകാരന് യോജിക്കുമെന്നും നല്‍കാന്‍ തയ്യാറാണോയെന്നും ചോദിച്ച് സന്നദ്ധസംഘടനയുടെ വിളിയായിരുന്നു അത്.രക്താര്‍ബുദം ബാധിച്ച അഞ്ചുവയസ്സുകാരന് മൂലകോശം തേടിയുള്ള ക്യാന്പിലാണ് അനീഷ് പണ്ട് പങ്കെടുത്തത്.
അന്ന് ഫലംകാണാതെ കുഞ്ഞ് മരിച്ചു. ഇപ്പോള്‍ വിളി വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അര്‍ബുദം ബാധിച്ച് മരിച്ച അമ്മ സെലീനയുടെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു മനസ്സില്‍.അമൃത ആശുപത്രിയിലെത്താനായിരുന്നു നിര്‍ദേശം. വിമാനടിക്കറ്റ് സന്നദ്ധസംഘടന നല്‍കി. രക്തകോശദാനം 18-നാണ്. അതുവരെ അഞ്ചുദിവസം വീട്ടിലെത്തി മൂലകോശവര്‍ധനയ്ക്കായുള്ള കുത്തിവെപ്പ് നടത്തും. അനീഷിന് ബി പോസറ്റീവ് രക്തമാണ്. സ്വീകര്‍ത്താവിന് ഒ നെഗറ്റീവും. മൂലകോശ ചികിത്സ കഴിഞ്ഞാല്‍ ദാതാവിന്റെ ഗ്രൂപ്പിലേക്ക് സ്വീകര്‍ത്താവ് മാറും.
10,000 മുതല്‍ 20 ലക്ഷം ദാതാക്കളില്‍നിന്നാണ് ഒരു മൂലകോശം യോജിക്കുക.തൃശ്ശൂരിലെ വ്യാപാരിയായിരുന്ന ചിറമ്മല്‍ ജോര്‍ജിന്റെയും സെലീനയുടെയും മകന്‍ അനീഷിന് പ്രായം 46. കോട്ടയം സ്വദേശിയായ ഭാര്യ മിറ്റു അയര്‍ലന്‍ഡില്‍ നഴ്‌സാണ്. മക്കളായ സെല്‍മെറീറ്റ, ഡാനല്‍ ജിയോ, എഡ്‌വറിക്‌സ് എന്നിവര്‍ അവിടെ വിദ്യാര്‍ഥികളാണ്.