

ദേശീയ ജന്തുജന്യരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആടുവസന്തനിർമ്മാർജ്ജന യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽകേന്ദ്രത്തിൽ നടന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ഒന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.
ഗ്രാമീണ ജനവിഭാഗങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ആടു വളർത്തലെന്നും കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെ വൈറസ് രോഗബാധയായ ആടു വസന്ത രോഗത്തെ എന്നന്നേക്കുമായി കേരളത്തിൽ നിന്നും തുടച്ചുമാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി, പന്നിപ്പനി, ചർമ്മമുഴ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അത്തരത്തിൽ നിരന്തര പോരാട്ടങ്ങൾ ആടുവസന്ത രോഗ നിർമാർജ്ജനത്തിനും ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രത്യേക പരിശീലനം ലഭിച്ച പശുസഖിമാരുടെ സേവനം ആടു വസന്തരോഗത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിൽ പ്രയോജനപ്പെടുത്തുമെന്നും പതിനഞ്ച് ദിവസം കൊണ്ട് ക്യാമ്പയിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ കൃത്യമായ മേൽനോട്ടം ക്യാമ്പയിനിലുണ്ടാകുമെന്നും ഏത് അടിയന്തരസാഹചര്യവും നേരിടാൻ മൃഗസംരക്ഷണവകുപ്പ് സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2030തോടെ ആടുവസന്തരോഗം നിർമാർജനം ചെയ്യാൻ ലക്ഷ്യമിട്ടാണ് പ്രതിരോധ കുത്തിവെയ്പ് യജ്ഞം സംഘടിപ്പിക്കുന്നത്. നവംബർ അഞ്ച് വരെ നടക്കുന്ന യജ്ഞത്തിൽ നാല് മാസത്തിന് മുകളിൽ പ്രായമുള്ള പതിമൂന്നരലക്ഷത്തോളം ആടുകൾക്കും ആയിരത്തഞ്ഞൂറോളം ചെമ്മരിയാടുകൾക്കും പ്രതിരോധകുത്തിവെയ്പ്പ് നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരും കർഷകരുടെ വീട്ടിലെത്തി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നൽകും. കുത്തിവെയ്പ്പിന്റെ വിവരങ്ങൾ ഭാരത് പശുധൻ പോർട്ടലിൽ അപ്ലോഡ് ചെയ്യും. സംസ്ഥാനത്തുടനീളം 1819 സ്‌ക്വാഡുകളെയാണ് പ്രതിരോധ കുത്തിവെയ്പിനായി നിയോഗിച്ചിരിക്കുന്നത്. ഓരോ സ്‌ക്വാഡും പ്രതിദിനം 50 മൃഗങ്ങൾക്ക് വാക്സിൻ നൽകും. ഒരു പ്രദേശത്ത് രണ്ട് സ്‌ക്വാഡുകളാണ് പ്രവർത്തിക്കുന്നത്.
വി.കെ പ്രശാന്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.സിന്ധു, എസ്.എൽ.ബി.പി അഡീഷണൽ ഡയറക്ടർ ഡോ.ജിജിമോൻ ജോസഫ്, പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ.അനിത പി.വി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.എസ് ശ്രീകുമാർ, എന്നിവരും പങ്കെടുത്തു.


