കൊല്ലം: ജില്ലാ ഭരണകൂടം, ഗാന്ധി പീസ് ഫൗണ്ടേഷന്‍, കൊല്ലം കോര്‍പ്പറേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന് സമാപനമായി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു.

സഹനശക്തിയിലൂന്നിയ ത്യാഗോജ്വല സമരരീതികളിലൂടെയാണ് ഗാന്ധിജി ലോകത്തിന് മാതൃകയായതെന്ന് അദ്ദേഹം പറഞ്ഞു.അന്നത്തെ സമൂഹികസാഹചര്യമാണ് ഗാന്ധിയെന്ന മഹാനായ രാഷ്ട്രപിതാവിനെ സൃഷ്ടിച്ചത്.വാക്കുകളല്ല, പ്രവൃത്തിയാണ് പ്രധാനമെന്ന ഗാന്ധിയുടെ സന്ദേശം ഓരോരുത്തരും ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പരിപാടിയില്‍ കൊല്ലം കളക്ടർ എൻ ദേവീദാസ് അധ്യക്ഷനായി.ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് എസ് അരുണ്‍ എന്നിവര്‍ സംസാരിച്ചു.

ഡോ. പെട്രിഷാ ജോണ്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. തുടര്‍ന്ന് ഗാന്ധി കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും ചേര്‍ന്ന് നിര്‍വഹിച്ചു.