കോഴിക്കോട്: ശാസ്ത്ര-സ്വതന്ത്രചിന്താ സംഘടനായ എസ്സെൻസ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 ഒക്ടോബര്‍ 12ന് ശനിയാഴ്ച സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടക്കും. രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകളും പാനല്‍ ചര്‍ച്ചകളും സംവാദവും നടക്കും.


“യുക്തിസഹമേത്? സ്വതന്ത്രചിന്തയോ ഇസ്ലാമോ?” എന്ന വിഷയത്തില്‍ പ്രമുഖ സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബുല്‍ ഹൈതമിയും പങ്കെടുക്കും. സുശീൽ കുമാറാണ് മോഡറേറ്റർ.
ഹിന്ദുത്വ ഫാഷിസമോ? എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ച്വല്‍ വിങ് സംസ്ഥാന അധ്യക്ഷന്‍ശങ്കു.ടി.ദാസ്, സ്വതന്ത്ര ചിന്തകന്‍ ഹാരിസ് അറബി എന്നിവര്‍ സംവദിക്കും. സുരേഷ് ചെറൂളിയാണ് ഈ സംവാദത്തിലെ മോഡറേറ്റർ.


“മതേതരത്വം ഇന്ത്യയില്‍ തകര്‍ച്ചയിലേക്കോ?” എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ഇടതുചിന്തകന്‍ ഡോ. ആസാദ്, ഇസ്ലാമിക പണ്ഡിതന്‍ നാസര്‍ ഫൈസി കൂടത്തായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍, സ്വതന്ത്രചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് എന്നിവര്‍ പങ്കെടുക്കും. മനുജ മൈത്രി മോഡറേറ്ററായിരിക്കും.


“സാമ്പത്തിക വളര്‍ച്ച: ഇന്ത്യയും കേരളവും” എന്ന വിഷയത്തില്‍ സാമ്പത്തിക വിദഗ്ദനും മാധ്യമ പ്രവര്‍ത്തകനുമായ കെ.ജെ. ജേക്കബ്, സാമ്പത്തിക വിദഗ്ദന്‍ ഡോ. മിഥുന്‍ വി.പിയും സംവദിക്കും. പ്രവീണ്‍ രവി മോഡറേറ്ററാകും.
മതവിശ്വാസികള്‍ക്ക് നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന “ഒറിജിന്‍” എന്ന പരിപാടിയില്‍സ്വതന്ത്രചിന്തകരായ പൗലോസ് തോമസ് , നിഷാദ് കൈപ്പള്ളി എന്നിവര്‍ സംബന്ധിക്കും. രാകേഷ് വിയാണ് മോഡറേറ്റര്‍.
കൂടാതെ ജെയിംസ് കുരീക്കാട്ടില്‍ (പെട്ടി നിറക്കണ പുണ്യാളാ), കാനാ സുരേശന്‍ (ഫുള്‍ എ പ്ലസ്), (ഡോ. ആര്‍. രാഗേഷ് (നുണപരിശോധന), എന്നിവര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.


“മതനിന്ദ മഹത്ചിന്ത” എന്ന ചര്‍ച്ചയില്‍ യാസിന്‍ ഒമര്‍, അഭിലാഷ് കൃഷ്ണന്‍, പ്രിന്‍സ് പ്രസന്നൻ, ടോമി സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുക്കും. ഹരീഷ് തങ്കം മോഡറേറ്റര്‍ ആയിരിക്കും.
പരിണാമത്തെ കുറിച്ച് സംവദിക്കുന്ന “ജീന്‍ ഓണ്‍ (GeneOn)” എന്ന ചര്‍ച്ചയില്‍ ചന്ദ്രശേഖര്‍ രമേശ്, ദിലീപ് മാമ്പള്ളില്‍, ഡോ. പ്രവീണ്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും. മോഡറേറ്റര്‍ ആനന്ദ് ടി. ആര്‍.
“ഓപ്പണ്‍ ക്ലിനിക്ക്” എന്ന ആരോഗ്യ ചര്‍ച്ചയില്‍ ഡോ. നന്ദകുമാര്‍, ഡോ. ഹരീഷ് കൃഷ്ണന്‍, ഡോ. ഇജാസുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ജലി ആരവ് മോഡറേറ്ററാകും. കൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി എസന്‍സ് ഗ്ലോബല്‍ പ്രഖ്യാപിച്ച അവാര്‍ഡുകളും ചടങ്ങില്‍സമ്മാനിക്കും. ഡിജെ പാര്‍ട്ടിയോടെ സമ്മേളനം വൈകിട്ട് ഏഴു മണിക്ക് സമാപിക്കും.