തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ശേഷം വീണ്ടും ക്രിക്കറ്റ് ആവേശത്തിന് വേദിയാവുകയാണ് തലസ്ഥാന നഗരി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം വെള്ളിയാഴ്ച പഞ്ചാബുമായാണ്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. വെള്ളി മുതല്‍ തിങ്കള്‍ വരെയാണ് മത്സരം.

ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന കേരളത്തെ നയിക്കുന്നത് സച്ചിന്‍ ബേബിയാണ്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജു സാംസനെ നിലവില്‍ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ഏറെക്കുറെ സന്തുലിതമായ ടീമാണ് ഇത്തവണത്തേത്.

സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലും,വിഷ്ണു വിനോദും, മൊഹമ്മദ് അസറുദ്ദീനും അണിനിരക്കുന്ന ബാറ്റിങ് നിര ശക്തമാണ്. ഇവരോടൊപ്പം മറുനാടന്‍ താരങ്ങളായ ബാബ അപരാജിത്തും, ജലജ് സക്‌സേനയും ചേരുമ്പോള്‍ ബാറ്റിങ് കരുത്ത് വീണ്ടും കൂടും. ഓള്‍ റൗണ്ടര്‍ ആദിത്യ സര്‍വാതെയാണ് മറ്റൊരു മറുനാടന്‍ താരം. ഒരേ സമയം ബാറ്റിങ് – ബൗളിങ് കരുത്തിലൂടെ ശ്രദ്ധേയനായ ജലജ് സക്‌സേനയുടെ പ്രകടനം കഴിഞ്ഞ സീസണുകളില്‍ നിര്‍ണ്ണായകമായിരുന്നു. ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവര്‍ അണി നിരക്കുന്ന ബൌളിങ്ങും ചേരുമ്പോള്‍ മികച്ച ടീമാണ് ഇത്തവണ കേരളത്തിന്റേത്.

വ്യത്യസ്ത ഫോര്‍മാറ്റ് എങ്കിലും അടുത്തിടെ സമാപിച്ച കേരള ക്രിക്കറ്റ് ലീഗ്, ടീമംഗങ്ങളെ സംബന്ധിച്ച് മികച്ചൊരു തയ്യാറെടുപ്പിനാണ് അവസരം നല്കിയത്. ടൂര്‍ണ്ണമെന്റില്‍ തിളങ്ങാനായത് സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍ തുടങ്ങിയ താരങ്ങള്‍ക്ക് ആത്മവിശ്വാസമാകും. കഴിഞ്ഞ സീസണില്‍ ബംഗാളിന് എതിരെ മാത്രമായിരുന്നു കേരളത്തിന് ജയിക്കാനായത്.

ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിടുന്ന ടീമിനെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാകും കൂടുതല്‍ നിര്‍ണ്ണായകമാവുക. കാരണം രഞ്ജിയില്‍ ആദ്യ ഇന്നിങ്‌സ് ലീഡാണ് പലപ്പോഴും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകന്‍.

ഈ സീസണില്‍ കേരളത്തിന്റെ നാല് മത്സരങ്ങള്‍ക്കാണ് കേരളം വേദിയാവുക. ഇതെല്ലാം മികച്ച ടീമുകളുമായിട്ടാണ് എന്നതാണ് ശ്രദ്ധേയം. പഞ്ചാബിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ ടീമുകളാണ് മല്‌സരങ്ങള്‍ക്കായി തിരുവനന്തപുരത്തെത്തുക. ഇതില്‍ ബിഹാര്‍ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലെ ജേതാക്കളാണ്. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, അര്‍ഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാന്‍ സിങ്, അന്‍മോല്‍പ്രീത് സിംഗ്, സിദ്ദാര്‍ഥ് കൌള്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകന്‍.

ഉത്തര്‍പ്രദേശ് ടീമില്‍ നിതീഷ് റാണ, യഷ് ദയാല്‍ തുടങ്ങിയ താരങ്ങളും മധ്യപ്രദേശ് ടീമില്‍ രജത് പട്ടീദാര്‍, വെങ്കിടേഷ് അയ്യര്‍, അവേഷ് ഖാന്‍ തുടങ്ങിയവരും ഉണ്ട്. ഇവരുടെയൊക്കെ പ്രകടനം കാണാനുള്ള അവസരം കൂടിയാകും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് തിരുവനന്തപുരത്തെ മത്സരങ്ങള്‍.കാലാവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ രഞ്ജി മല്‌സരങ്ങള്‍. ആദ്യ ഘട്ടം ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 13 വരെയാണ്. ജനുവരി 23നാണ് രണ്ടാം ഘട്ടം തുടങ്ങുക. നവംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയാണ് ഉത്തര്‍പ്രദേശുമായുള്ള കേരളത്തിന്റെ മത്സരം. മധ്യപ്രദേശുമായുള്ള മത്സരം ജനുവരി 23നും ബിഹാറുമായുള്ള മത്സരം ജനുവരി 30നും ആരംഭിക്കും.