
കടയ്ക്കൽ: ചിതറയിൽ ബന്ധുവിന്റെയും സുഹൃത്തിന്റെയും വീട്ടിൽനിന്ന് 17പവൻ സ്വർണം കവർന്ന ഇൻസ്റ്റഗ്രാം താരം പൊലീസ് പിടിയിൽ. ചിതറ ഭജനമഠത്തിൽ മുബീന (26)യെയാണ് ചിതറ പൊലീസ് അറസ്റ്റ്ചെയ്തത്. മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ വീട്ടിൽനിന്ന് ആറുപവന്റെ മാല, ഒരു പവന്റെ വള, ഒരുപവൻ വീതമുള്ള രണ്ട് ചെയിന്‍, രണ്ടു ഗ്രാമിന്റെ രണ്ട് കമ്മൽ എന്നിവയാണ് കവർന്നത്. ഇതിനു മുമ്പ് സമാനമായ മറ്റൊരു സ്വർണമോഷണ പരാതിയും പൊലീസിന് ലഭിച്ചിരുന്നു. സുഹൃത്തായ അമാനി നല്‍കിയ പരാതിയിലും മുബീനയെയാണ് സംശയിച്ചിരുന്നത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ ഭർതൃസഹോദരി പരാതി നൽകിയത്. തുടർന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
മുനീറയുടെ വീട്ടിലെ നിരീക്ഷണ കാമറ പരിശോധിച്ചതിൽ മുബീന ദിവസങ്ങൾക്കു മുമ്പ് വീട്ടിലെത്തി മടങ്ങിപ്പോകുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് പരിശോധന നടത്തിയ ദിവസംവരെ ഇവിടെ മറ്റാരും വന്നിട്ടില്ലെന്നും വ്യക്തമായി. പൂട്ടിയിട്ടിരുന്ന വീട്ടിലെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലമറിയാമായിരുന്ന മുബീന മുറിതുറന്ന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. മുനീറ ചിതറ പൊലീസിൽ മുബീനയ്‌ക്കെതിരെ പരാതി നൽകി.
ഓട്ടോറിക്ഷ ഡ്രൈവറായ ഇവരുടെ ഭർത്താവ് അടുത്തിടെയാണ് വിദേശത്തുപോയത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇവർക്ക് അതിനുള്ള സാമ്പത്തികശേഷി ഇല്ലെന്നു പൊലീസ് മനസ്സിലാക്കി. ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് മുബീന ഉപയോഗിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തങ്കിലും മോഷണം സമ്മതിക്കാൻ ആദ്യം തയ്യാറായില്ല. തെളിവുകൾ നിരത്തിയുള്ള ചോദ്യചെയ്യലിൽ രണ്ടു മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിച്ചു. ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. വില്‍പന നടത്തിയ സ്വർണത്തിന്റെ ബാക്കിയും പണവും പൊലീസ് ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്ത മുബീനയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.



