പേരിനൊത്ത പ്രകടനം കാഴ്ച വച്ച് എംഎസ് അഖിൽ. ടൂർണ്ണമെന്‍റിലെ വിലയേറിയ താരം മിന്നുന്ന പ്രകടനവുമായി ട്രിവാൺഡ്രം റോയൽസിന് അനായാസ വിജയമൊരുക്കി. അവസാന പന്തിൽ സിക്സുമായാണ് അഖിൽ ടീമിന് വിജയം ഒരുക്കിയത്. മല്സരത്തിൽ അഖിൽ 54 റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്ത തൃശൂരിനെ ട്രിവാൺഡ്രം 129 റൺസിൽ പിടിച്ചു കെട്ടുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ ട്രിവാൺഡ്രം ബൌളിങ് നിരയിൽ കൂടുതൽ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റ്ൻ അബ്ദുൾ ബാസിദാണ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൺഡ്രത്തിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും തുടരെ രണ്ട് വിക്കറ്റുകൾ വീണത് ആശങ്കയായി. എന്നാൽ നാലാമനായി ബാറ്റിങ്ങിനെത്തിയ എം എസ് അഖിൽ ഗോവിന്ദ് പൈയ്ക്കൊപ്പം ചേർന്ന് ടീമിനെ വിജയത്തിലേക്കെത്തിച്ചു.

കരുതലോടെയാണ് അഖിൽ ഇന്നിങ്സിന് തുടക്കമിട്ടത്. പതിയെ താളം കണ്ടെത്തിയ അഖിൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. ഏദൻ ആപ്പിൾ ടോം എറിഞ്ഞ 12ആം ഓവറിൽ അഖിൽ തുടരെ ഫോറും സിക്സും നേടി. ഗോവിന്ദ് പൈയ്ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ അഖിൽ ഗ്രൌണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിച്ചു. ഒടുവിൽ മോനു കൃഷ്ണ എറിഞ്ഞ 18ആം ഓവറിൽ അവസാന രണ്ട് പന്തുകളും സിക്സർ പറത്തിയ അഖിൽ ഒരേ സമയം അർദ്ധസെഞ്ച്വറിയും ടീമിന് വിജയവും സ്വന്തമാക്കി. 37 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അഖിലിൻ്റെ ഇന്നിങ്സ്. ഗോവിന്ദ് പൈ 30 റൺസുമായി പുറത്താകാതെ നിന്നു.

താരലേലത്തിൽ ട്രിവാൻഡ്രം റോയൽസ് ടീം അഖിലിനെ സ്വന്തമാക്കിയത് 7.40 ലക്ഷം രൂപയ്ക്കായിരുന്നു. വിവിധ കെസിഎ ടൂർണ്ണമെന്‍റുകളിലെ മികച്ച പ്രകടനമാണ് ലേലത്തിൽ അഖിലിന് തുണയായത്. എറണാകുളം സ്വദേശിയായ അഖിൽ കേരളത്തിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെ കേരള ടീമിൽ സ്ഥിരമായി ഇടം കണ്ടെത്തുകയും ഐപിഎൽ ഉൾപ്പടെയുള്ള ടൂർണ്ണമെന്‍റുകളിൽ കളിക്കുകയുമാണ് അഖിലിൻ്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!