കടയ്ക്കൽ: തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് സംസ്ഥാന സഹകരണ ബോർഡിന്റെ സൂപ്പർ ഗ്രേഡ് പദവി ലഭിച്ചു. തുടയന്നൂർ പോതിയാരുവിള ജംഗ്‌ഷനിൽ പ്രവർത്തനമാരംഭിച്ച ബാങ്കിന്റെ നവീകരിച്ച സഹകരണ നീതി സൂപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലാസ്-1 സൂപ്പർ ഗ്രേഡ് ബാങ്കായി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കേരള എ.ൻ.ആർ.ഇ.ജി വർക്കേഴ്സ് ചെയർമാൻ എസ്.രാജേന്ദ്രൻ നിർവ്വഹിച്ചു. 113 കോടി രൂപ നിക്ഷേപവും 97 കോടി രൂപ വായ്പയും 124 കോടി രൂപ പ്രവർത്തന മൂലധനവുമുള്ള ബാങ്ക് ഓഡിറ്റ് ക്ലാസിഫിക്കേഷനിലും ഏറ്റവും ഉയർന്ന ഗ്രേഡ് ആയ എ ഗ്രേഡ് തുടർച്ചയായി നിലനിർത്തി വരുന്നു

. ചുണ്ടയിലും വയലയിലും ആരംഭിച്ചിട്ടുള്ള ബ്രാഞ്ചിന്റെ പ്രവർത്തനവും ലാഭത്തിലാണ്. 3 കോടിയിലേറെ രൂപ സലയുള്ള ജി.ഡി.എസ്-കളും ബാങ്ക് നടത്തിവരുന്നു. 2002 മുതൽ ബാങ്ക് തുടർച്ചയായ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക്; അംഗങ്ങൾക്ക് കൃത്യമായി ലാഭവീതം നൽകിവരുന്നു. ബാങ്കിൻ്റെ കഴിഞ്ഞവർഷത്തെ മാത്രം പ്രവർത്തനലാഭം ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 1.14 കോടി രൂപയാണ്. സൂപ്പർ ഗ്രേഡിന് അപേക്ഷിക്കുവാനുള്ള ഇത്തരം മാനദണ്ഡങ്ങൾ സ്ഥിരതയോടെ നിലനിർത്തിയതാണ് ബാങ്കിന് ഈ നേട്ടം സാധ്യമായത്. ഇട്ടിവ പഞ്ചായത്തിലെ കേവലം 12 വാർഡുകൾ മാത്രം പ്രവർത്തന പരിധിയുള്ള ബാങ്കിന്റെ ഈ നേട്ടം ബാങ്കിനോടുള്ള സഹകാരികളുടെ വിശ്വാസ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ജെ.സി. അനിൽ പറഞ്ഞു.

കൊല്ലം ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് കഴിഞ്ഞവർഷം ബാങ്കിന് ലഭിച്ചിരുന്നു. നിക്ഷേപ സമാഹരണത്തിൽ തുടർച്ചയായി കൊട്ടാരക്കര താലൂക്ക് തല അവാർഡും ബാങ്കിനെ തേടിയെത്തുന്നുണ്ട്. ജില്ലയിലെ ഏറ്റവും കുറഞ്ഞ കുടിശിക ശതമാനമുള്ള ബാങ്കുകളിൽ ഒന്നായ ബാങ്കിന്റെ കഴിഞ്ഞവർഷത്തെ കുടിശ്ശിക; ഓഡിറ്റ് പ്രകാരം 11.4 ശതമാനമാനം മാത്രമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ വായ്പ കുടിശ്ശിക നിരക്കുകളിൽ ഒന്നാണിത്.

ബാങ്കിന്റെ പുതിയ സംഭരംഭങ്ങളുടെ ഭാഗമായാണ് ഹെഡോഫീസിൽ പരിമിക്തമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന സഹകരണ നീതി സ്റ്റോറാണ് പോതിയാരുവിളയിൽ നീതി സൂപ്പർ മാർക്കറ്റായി ബഹുനില മന്ദിരത്തിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹെഡ്ഓഫീസ് കൂടാതെ, ചുണ്ട ജംഗ്ഷനിൽ ബാങ്കിന് വേണ്ടി ഭൂമി വാങ്ങി പുതിയ മന്ദിര നിർമാണം പൂർത്തീകരിച്ചു. ബാങ്കിൻ്റെ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടി പുതുതായി 1.18 ഏക്കർ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്.

കാർഷിക അടിസ്ഥാന സൗകര്യ നിധിയിൽ ഉൾപ്പെടുത്തി നബാർഡ് ധനസഹായത്തോടെ 2 കോടി ചെലവഴിച്ച് ബാങ്ക് ആരംഭിക്കുന്ന കോക്കനട്ട് ഓയിൽ പ്രോസസിംഗ് യൂണിറ്റിന്റെ നടപടികളും പൂർത്തീകരിച്ച് വരികയാണ്. നീതി മെഡിക്കൽ സ്റ്റോർ, വളം ഡിപ്പോ, എടിഎം, സിഡിഎം, ജനസേവനകേന്ദ്രം തുടങ്ങിയ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നുവരുന്നു. കൂടാതെ നെൽ കർഷകരെ സഹായിക്കുന്നതിന് ഹരിതശ്രീ, മാരകരോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സാ ധന സഹായം നൽകുന്നതിന് സാന്ത്വനം പദ്ധതി, ഗ്രന്ഥശാലകൾ വഴി സഹകരണ വിദ്യാഭ്യാസ പദ്ധതി, തുടങ്ങിയ നിരവധി സേവന പദ്ധതികളും ബാങ്ക് നടപ്പിലാക്കി വരുന്നു.

3% പലിശ നിരക്കിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പ (8 കോടി) ബാങ്ക് വിതരണം ചെയ്തു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ 50 കോടിയിലേറെ രൂപയുടെ കരുതൽ ധന നിക്ഷേപം ബാങ്കിനുണ്ട്. സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് സ്കീമിൽ അംഗമായി ബാങ്കിലെ മുഴുവൻ നിക്ഷേപങ്ങളും ബാങ്ക് ഇൻഷുർ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ ബിസിനസ് സംഭരംഭങ്ങൾ ലാഭത്തിൽ നിന്നുള്ള തുക മാത്രം വിനിയോഗിച്ചുകൊണ്ടാണെന്ന്. ബാങ്ക് വൈസ് പ്രസിഡന്റ് ബി.ആർ. അജിരാജ് അഭിപ്രായപ്പെട്ടു.

ബാങ്ക് പ്രസിഡന്റ് ജെ.സി.അനിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു, ആദ്യ വിൽപന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഗിരിജമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ദിനേശ്കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രദീപ്കുമാർ ജെ.എസ്.റാഫി, ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ആർ.കെ.ശശിധരൻ പിള്ള, ജി.രാമാനുജൻ പിള്ള,

എസ്.സോമരാജൻ, അഡ്വ.വയല ശശി, മനോജ് കുഞ്ഞപ്പൻ, ജി.ആർ.ശ്യാംകുമാർ, ഷാജഹാൻ, സുനിൽകുമാർ, ജി.ധർമരാജൻ, ഷീല ഡി.തമ്പി, സജീന.എസ്, അംബികകുമാരി തുടങ്ങിയവരും, ജി.എസ് പ്രിജിലാൽ, ഡി.സനൽകുമാർ, കെ. ഓമനക്കുട്ടൻ, പി.ജി.ഹരിലാൽ, പ്രൊ.ബി.ശിവദാസൻ പിള്ള, ബി.മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ബി.ആർ.അജിരാജ് സ്വാഗതവും സെക്രട്ടറി എ.അനിതകുമാരി നന്ദിയും പറഞ്ഞു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

error: Content is protected !!