തിരുവോണം ബംബര്‍ വില്‍പന പൊടിപൊടിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വില്‍പനയില്‍ മുന്നില്‍ പാലക്കാട് ജില്ലയിലാണ്. 4 ലക്ഷം ടിക്കറ്റാണ് ജില്ലയില്‍ മാത്രം ഇതുവരെ വിറ്റ് പോയത്. മൂന്ന് ലക്ഷം ടിക്കറ്റ് വിറ്റ തിരുവനന്തരപുരം ജില്ല തൊട്ട് പിന്നിലുണ്ട്.തമിഴ്‌നാട്ടില്‍ നിന്നടക്കം നിരവധി പേരാണ് അതിര്‍ത്തി കടന്ന് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നത്.

കഴിഞ്ഞ ഓണം ബംബര്‍ തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു അടിച്ചത്. തിരിപ്പൂര്‍ സ്വദേശികളായ നാല് പേര്‍ക്കായിരുന്നു സമ്മാനം ലഭിച്ചത്. അതുകൊണ്ട് തന്നെ അതിര്‍ത്തി പ്രദേശമായ വാളയാറില്‍ ഭാഗ്യം തേടിയെത്തുന്നവര്‍ കൂടുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് ലോട്ടറി കടയുടമകള്‍ പറയുന്നത്. ടിക്കറ്റ് വില 500 രൂപയാണെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് പലരും ടിക്കറ്റ് എടുക്കുന്നത്.അടിച്ചാല്‍ ജീവിതം രക്ഷപ്പെട്ടില്ലേയെന്നാണ് തമിഴ്‌നാട്ടുകാര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ലോട്ടറി ഇല്ല. അതുകൊണ്ടാണ് ഇവിടെ വന്ന് എടുക്കുന്നത്. 25 കോടിയല്ലേ സമ്മാനം,അടിച്ചാല്‍ ജീവിതം ജോളിയായി പോവില്ലേ’, എന്നാണ് അവരുടെ വാക്കുകള്‍. സ്ഥിരം ടിക്കറ്റെടുത്ത് ചെറിയ സമ്മാനങ്ങള്‍ നേടിയവരും ആവേശത്തിലാണ്.

അതേസമയം ഈ പോക്ക് തുടര്‍ന്നാല്‍ ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുമെന്നാണ് ലോട്ടറി കടക്കാര്‍ പറയുന്നത്. കഴിഞ്ഞ തവണ 80 ലക്ഷം ടിക്കറ്റ് അച്ചടിച്ചപ്പോള്‍ 756000 ടിക്കറ്റുകള്‍ വിറ്റ് പോയിരുന്നു. ഇത്തവണ അതിലും കടക്കുമെന്നാണ് ഇവര്‍ പറയുന്നു.

ഇത്തവണ 20 പേര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആര്‍ 99 ഓണം ബംബര്‍ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഓണം ബംബര്‍ സമ്മാനം 25 കോടിയാണെങ്കിലും വിജയിക്ക് കൈയ്യില്‍ കിട്ടുക ഇതിന്റെ പകുതി മാത്രമായിരിക്കും. അതായത് ഏകദേശം 12.88 കോടി രൂപ. ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ചാണ് ഈ തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!