
തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്.
കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.
1.78 കോടി രൂപയ്ക്കാണ് കാര്‍പാതിയന്‍ േ്രഗ കളര്‍ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്. ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടില്‍ അനില്‍കുമാര്‍-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെയും(Earthex ventures) ഡയറക്ടര്‍ കൂടിയാണ്.
ക്വാറി, ക്രഷര്‍ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്. ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.

