തിരുവനന്തപുരം; പാലോടിൽ ആളില്ലാത്ത വീടുകൾ ലക്ഷ്യമാക്കി മോഷണം നടത്തി വന്നിരുന്ന മോഷണ സംഘം അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജു എന്നറിയപ്പെടുന്ന രാജേഷ് (42) ഭാര്യ ഉടുമ്പൻചോല സ്വദേശിനി രേഖ (33), നന്ദിയോട് സ്വദേശി റമോ എന്ന് വിളിക്കപ്പെടുന്ന അരുൺ (27), ഭാര്യ വെള്ളയംദേശം സ്വദേശിനി ശില്പ (26) എന്നിവരാണ് അറസ്റ്റിലായത്. ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 45 പവൻ സ്വർണമാണ് ഇവർ കവർന്നത്.
പൂട്ടിക്കിടക്കുന്ന വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിച്ച് കേയമ്പത്തൂരിൽ പണയം വെയ്ക്കുകയാണ് ഇവരുടെ പതിവ്. ഭാര്യമാരുടെ പേരിൽ കോയമ്പത്തൂരിലാണ് പണയം വെക്കുക.മോഷ്ടിച്ച പണം കൊണ്ട് കേരളത്തിന് പുറത്ത് വീടും വസ്തുവും വാങ്ങുക ആഢംബര ജീവിതം നടത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.പാലോട് സ്റ്റേഷൻ പരിധിയിൽ ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് രണ്ട് മാസമായി മോഷണം പതിവായിരുന്നു. ഇതിനെത്തുടർന്ന് ഉണ്ടായ പട്രോളിങ്ങിലും അന്വേഷണത്തിലുമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മാസം 30-ന് ആലംപാറയിൽ തമിഴ്നാട് സ്വദേശിയായ മാരീശന്റെ വീട്ടിൽ നിന്നും 45 പവൻ സ്വർണവും 2 ലക്ഷം രൂപയും മോഷ്ടിണം പോയിരുന്നു. ഇവിടെ നിന്നും മോഷണം നടത്തിയ പ്രതികൾ കോയമ്പത്തൂരിലേക്ക് പോയി. തുടർന്ന് വീണ്ടും പാലോട് എത്തിയ ഇവർ പൂട്ടിക്കിടക്കുന്ന ഗൈറ്റ് നോക്കി നടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നീടുണ്ടായ ചോദ്യം ചെയ്യലിലാണ് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും