
ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ കോളേജ് അധ്യാപകൻ ഹൃദയാഘാതംമൂലം മരിച്ചു. തേവര എസ്‌എച്ച് കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ കല്ലൂർക്കാട് നാകപ്പുഴയിൽ വെട്ടുപാറക്കൽ ജയിംസ് വി ജോർജാണ് (38) മരിച്ചത്. കോളേജിൽ ബുധനാഴ്ച വൈകിട്ട് നടന്ന അധ്യാപകരുടെ ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത ജയിംസ് തലകറങ്ങിവീണിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽവച്ചായിരുന്നു മരണം.
സംസ്‌കാരം ശനിയാഴ്‌ച. കോളേജ് സ്റ്റാഫ് സെക്രട്ടറിയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല പിജി ബോർഡ് ഓഫ് സ്‌റ്റഡീസ് (കൊമേഴ്‌സ്) അംഗമാണ്. കോർപറേറ്റ് റെഗുലേഷൻസ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ, ബാങ്കിങ് ആൻഡ് ഇൻഷുറൻസ്, കോർപറേറ്റ് ലോ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അച്ഛൻ: പരേതനായ വർക്കി. അമ്മ: മേരി. ഭാര്യ: സോന ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ). മകൻ: വർഗീസ് (രണ്ടരവയസ്സ്).
