
ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനമാണ് ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത്. 23 പന്തിൽ 41 റൺസുമായി 19 പന്തിൽ 47 റൺസുമായി വിഷ്ണു വിനോദും. ഇരുവരുടെയും മികവിൽ ഏഴോവർ ബാക്കി നില്ക്കെ തന്നെ തൃശൂർ വിജയത്തിലെത്തി.
കഴിഞ്ഞ രണ്ട് മല്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിങ്ങിൽ വരുത്തിയ മാറ്റമാണ് തൃശൂരിന്‍റെ വിജയത്തിൽ നിർണ്ണായകമായത്. മധ്യനിരയിൽ നിന്ന് ഓപ്പണിങ്ങിലേക്ക് എത്തിയ ആദ്യ ഊഴത്തിൽ തന്നെ ആനന്ദ് കളിയിലെ താരവുമായി. വിനോദ് കുമാർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഫോറുമായാണ് ആനന്ദ് തുടങ്ങിയത്. അഖിൻ സത്താർ എറിഞ്ഞ രണ്ടാം ഓവറിൽ പിറന്നത് 13 റൺസ്. നേരിട്ട രണ്ട് പന്തുകൾ മിഡ് ഓണിലൂടെ അനായാസം ബൌണ്ടറി കടത്തിയ ആനന്ദ് തൃശൂരിന്‍റെ തുടക്കം വേഗത്തിലാക്കി.
പേസ് – സ്പിൻ വ്യത്യാസമില്ലാതെ ബൌളർമാരെ അനായാസം നേരിട്ട ആനന്ദിന്‍റെ ബാറ്റിൽ നിന്ന് ഫോറും സിക്സും തുടരെയൊഴുകി.
വിനോദ് കുമാർ എറിഞ്ഞ അഞ്ചാം ഓവറിൽ രണ്ട് സിക്സ് നേടിയ ആനന്ദ് അതിവേഗം അർദ്ധ സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി പുറത്തയായത്. 41 പന്തിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 41 റൺസ്.
കേരള ക്രിക്കറ്റിൽ ഇതിനു മുൻപും ഇത്തരം മികവുറ്റ ഇന്നിങ്സുകൾ ആനന്ദ് കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ എൻഎസ്കെ ട്രോഫി ടൂർണ്ണമെന്‍റിൽ കോഴിക്കോടിനെതിരെ ആലപ്പുഴയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. അന്ന് 70 പന്തിൽ 14 ഫോറും അഞ്ച് സിക്സും അടക്കം 117 റൺസാണ് നേടിയത്. ആ ടൂർണ്ണമെന്‍റിൽ പ്രോമിസിങ് യങ്സറ്റർ പുരസ്കാരവും ആനന്ദിനെ തേടിയെത്തിയിരുന്നു. 15 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ മറ്റൊരു ഉജ്ജ്വല ഇന്നിങ്സും ആനന്ദിന്‍റെ പേരിലുണ്ട്. രണ്ട് വർഷം സ്കൂൾ നാഷണൽസ് കളിച്ച ആനന്ദ് ഒരു മല്സരത്തിൽ മാൻ ഓഫ് ദി മാച്ചും ആയിരുന്നു.
ചെങ്ങന്നൂർ ന്യൂ കിഡ്സ് അക്കാദമിയിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് കടന്നു വന്ന ആനന്ദിന്‍റെ പരിശീലകൻ സന്തോഷാണ്. സുരേഷ് കുമാറും സുനിതയുമാണ് മാതാപിതാക്കൾ. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനങ്ങൾ കരിയറിൽ നിർണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് ആനന്ദ് സാഗർ


