
കല്ലറ: ഹോട്ടൽ മാലിന്യം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.ലോറിയിലെ മാലിന്യം മുഴുവൻ സമീപത്തെ വീട്ടുമുറ്റത്തേക്ക് വീണു. ലോറിയിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ഇന്നലെ രാവിലെ 8.30ന് പാങ്ങോട് അയിരൂർമുക്കിന് സമീപത്തായിരുന്നു സംഭവം.വിവിധ ഹോട്ടലുകളിൽ നിന്നുള്ള ആഹാരാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം കയറ്റി പാലോട് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ലോറി അമിത വേഗതയിലായിരുന്നുവെന്നും അയിരൂർ ഇറക്കം ഇറങ്ങി വരുമ്പോൾത്തന്നെ ആദ്യത്തെ വളവിലെ വീട്ടിലേക്ക് ഇടിച്ചു കയറുമെന്ന് ഭയന്നുവെന്നും നാട്ടുകാർ പറയുന്നു.എന്നാൽ വളവ് തിരിഞ്ഞ ലോറി നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി അയിരൂർ മുക്കിൽ താമസിക്കുന്ന ഉദയകുമാറിന്റെ വീട്ടുമുറ്റത്ത് മറിയുകയായിരുന്നു. വീടിന് സമീപത്തുണ്ടായിരുന്ന 3 കുട്ടികളും ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ലോറിയിൽ 3 അതിഥി തൊഴിലാളികളായിരുന്നുവെന്നും ഏകദേശം 14 വയസ് പ്രായം തോന്നിക്കുന്ന ബാലനാണ് വാഹനം ഓടിച്ചിരുന്നതെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
ഇവർ മദ്യപിച്ചിരുന്നുവെന്ന് സംശയിക്കുന്നുവെന്നും വാഹനത്തിൽ നിന്ന് ലഭിച്ച മദ്യം കലർത്തിയ ശീതളപാനീയം നിറച്ച കുപ്പികൾ പൊലീസിന് കൈമാറിയെന്നും നാട്ടുകാർ പറയുന്നു.നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് ജീപ്പിൽ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.സംഭവത്തിൽ 2 പേർക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് പറഞ്ഞു


