
കടയ്ക്കൽ: യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമ്മിൾ വട്ടത്താമര ഇരുന്നൂറ്റിൽ എൽഎസ് നിവാസിൽ ബിനുവിന്റെയും ബിന്ദുവിന്റെയും മകൾ അനന്യപ്രിയ(22)യാണ് മരിച്ചത്. വ്യാഴം വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. കുളിക്കാൻ കയറിയ അനന്യ ഏറെ കഴിഞ്ഞിട്ടും തിരിച്ചിറങ്ങാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ കുളിമുറിയിൽ ബോധമറ്റ് കിടക്കുകയായിരുന്നു എന്നാണ് അമ്മ ബിന്ദു പൊലീസിനു നൽകിയ മൊഴി.
നിലവിളി കേട്ട് സമീപവാസികൾ എത്തി കല്ലറ തറട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈകിട്ട് നാലുവരെ അമ്മാമയുടെ വീട്ടിലുണ്ടായിരുന്ന അനന്യ സന്തോഷത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത് സമീപവാസികൾ കണ്ടിരുന്നു. മരണത്തിൽ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിൽ കയർ മുറുകിയതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
