കൊച്ചി /തിരുവനന്തപുരം, ഓഗസ്റ്റ് 19, 2024: വയനാടിന്റെ അതിജീവനത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സംഭാവന നൽകി തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ആശുപത്രി ശൃംഖലയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഭാസ്കർ റാവു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. അഭിനയ് ബൊള്ളിനേനി, ഡയറക്ടർ ശ്രീ. ശ്രീനാഥ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി തുക കൈമാറിയത്.
തമിഴ്‌നാടും കർണാടകയുമുൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലും സാന്നിധ്യമുറപ്പിച്ച്, ദക്ഷിണേന്ത്യയിലെ ആരോഗ്യസേവനരംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങളിലാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കേരളവും ഈ വിശാല പദ്ധതിയുടെ ഭാഗമാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഭാസ്കർ റാവു പറഞ്ഞു.
2004ലാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമാകുന്നത്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യസേവന ശൃംഖലകളിൽ ഒന്നായി അത് മാറിക്കഴിഞ്ഞു. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 13 ആശുപത്രികളുമായി ശക്തമായ സാന്നിധ്യമാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനുള്ളത്. മൾട്ടിഡിസിപ്ലിനറി ചികിത്സ ലഭ്യമാക്കുന്നതിന് ഏറെ അറിയപ്പെടുന്ന ആശുപത്രികളാണ് ഇവയെല്ലാം. താങ്ങാനാവുന്ന നിരക്കിൽ മൂന്നും നാലും ഘട്ടങ്ങളിലുള്ള ഗുരുതര സ്വഭാവമുള്ള രോഗചികിത്സാ സംവിധാനങ്ങൾ ഈ ശൃംഖലയിൽ ലഭ്യമാണ്. നാല്പതിലേറെ വിദഗ്ധചികിത്സാ വിഭാഗങ്ങളിലായി 4,000ലേറെ കിടക്കകളാണുള്ളത്. മികച്ച ഡോക്ടർമാരുടെ സേവനവും എടുത്തുപറയേണ്ടതാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും ആശുപത്രികൾ സ്ഥാപിച്ച് സമഗ്രമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കാനാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ലക്ഷ്യമിടുന്നത്. എല്ലാവർക്കും താങ്ങാനാവുന്ന വിധത്തിൽ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുകയെന്നതാണ് പ്രഖ്യാപിത നയം.