
കൊല്ലം: കടലോരമേഖലയിൽനിന്ന് സസ്യ ഗവേഷകര്‍ ചീരയുടെ ഇനത്തിൽപ്പെട്ട പുതിയ സസ്യം കണ്ടെത്തി. പാലക്കാട് ജില്ലയിൽ ആൾമാനിയ ജനുസിലെ രണ്ടാമത്തെ സസ്യ ഇനം കണ്ടെത്തി രണ്ട് വർഷത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ. ‘അൾമാനിയ ജാനകീയ’ എന്ന് പേരിട്ട സസ്യത്തെ കുറിച്ചുള്ള പഠനം അന്താരാഷ്ട്ര ജേണലായ ’ഫൈറ്റോ ടാക്‌സ’യുടെ ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത് കോയമ്പത്തൂർ പിഎസ്ജി. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഡോ. എസ് ആര്യയും കാസർകോട് ഗവ. കോളേജിലെ ഡോ. വിഎസ് അനിൽകുമാറും ചേർന്നാണ്.
ഇന്ത്യയിലെ ആദ്യത്തെ വനിതാ സസ്യശാസ്ത്രജ്ഞയായി ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ചുരുക്കം വനിതകളിൽ ഒരാളുമായ സസ്യശാസ്ത്രജ്ഞ ജാനകി അമ്മാളിന് ആദരസൂചകമായാണ് സസ്യത്തിന് പേരുനൽകിയതെന്ന് ഗവേഷകര്‍ പറഞ്ഞു. ഇത് ഭക്ഷ്യയോഗ്യമാണോ എന്ന കാര്യത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഇവര്‍ പറയുന്നു. ആൾമാനിയ ജനുസിൽ ഇതുവരെ കണ്ടെത്തിയവയിൽ മൂന്നാമത്തെ ഇനം മാത്രമാണിതെന്ന് ഗവേഷകർ പറഞ്ഞു.
പൂക്കളുടെ സ്വഭാവവും പൂമ്പൊടിയുടെ രൂപവും അൾമാനിയ ജാനകീയയെ മറ്റ് രണ്ട് സ്പീഷീസുകളായ അൽമാനിയ നോഡിഫ്ലോറ, ആൾമാനിയ മൾട്ടിഫ്ലോറ എന്നിവയിൽ നിന്ന് വേർതിരിക്കുന്നു. കാസര്‍കോട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ അനിൽകുമാറിന്റെ മാര്‍ഗനിര്‍ദേശത്തിൽ ഗവേഷണം പൂര്‍ത്തിയാക്കിയ എസ് ആര്യ നിലവിൽ കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സസ്യശാസ്ത്ര വിഭാഗത്തിലെ പിജി ആൻഡ് റിസർച്ചിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.


