
കൃഷി വകുപ്പിന്റെ 2023ലെ കര്‍ഷക പുരസ്‌ക്കാരങ്ങളില്‍ കുടുംബശ്രീക്ക് അഭിമാനനേട്ടം.കേരളത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌ക്കാരം കണ്ണൂരിലെ പട്ടുവം സി.ഡി.എസിന് കീഴിലുള്ള ഹരിത ജെ.എല്‍.ജി അംഗമായ കെ. ബിന്ദുവിനാണ്. അതേസമയം മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗം പുരസ്‌ക്കാരം വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ബഡ്‌സ് പാരഡൈസ് സ്‌കൂളും സ്വന്തമാക്കി.

26 ഏക്കറില്‍ നെല്ല്, പൂക്കള്‍, മഞ്ഞള്‍, ഇഞ്ചി, പച്ചക്കറി, എള്ള്, ചെറുപയര്‍ തുടങ്ങിയ നിരവധി വിളകളാണ് ബിന്ദു കൃഷി ചെയ്തുവരുന്നത്. മംഗലശ്ശേരി കാക്കവാണി വീട്ടിലെ ബിന്ദു 25 വര്‍ഷങ്ങളായി കാര്‍ഷിക മേഖലയില്‍ സജീവമാണ്. കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുടുംബശ്രീ അംഗങ്ങളെ ബിന്ദു പരിശീലിപ്പിക്കുകയും ചെയ്യുന്നു.
കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് പാരഡൈസ് സ്‌കൂളില്‍ വിഭിന്ന ശേഷിക്കാരായ 40 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. കുടുംബശ്രീ സംസ്ഥാന മിഷന്‍ ബഡ്‌സ് പരിശീലനാര്‍ത്ഥികളുടെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് വേണ്ടി നടപ്പിലാക്കിയ അഗ്രി തെറാപ്പിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് ഒരുക്കിയ കൃഷിയാണ് സ്‌കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കീസ്റ്റോണ്‍ ഫൗണ്ടേഷന്റെ സഹായവും പച്ചക്കറിത്തോട്ടമൊരുക്കാനുണ്ടായിരുന്നു. തിരുനെല്ലി കൃഷി ഭവന്‍ മേല്‍നോട്ടവും നടത്തി.

കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ തക്കാളി, വഴുതനങ്ങ, കോളിഫ്‌ളവര്‍, ക്യാബേജ്, പയറുവര്‍ഗങ്ങള്‍, ചീര, ചേമ്പ്, ചേന, കപ്പ, വാഴ, കോവല്‍, പച്ചമുളക്, കാന്താരി, കാച്ചില്‍ എന്നീ വിളകളും മുളവര്‍ഗ്ഗങ്ങളുമെല്ലാമാണ് കൃഷി.



