
പത്തുമാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പടെ അഞ്ച് പേർക്ക് പുതുജീവനേകി സിനോജ് യാത്രയായി. വെളിയം പടിഞ്ഞാറ്റിൻകര കളിയിക്ക മേലതിൽ ജി സുന്ദരേശന്റെയും സുവർണകുമാരിയുടെയും മകൻ എസ് സിനോജി(35)ന്റെ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതപ്രകാരം ദാനംചെയ്തത്.
സൗദി അറേബ്യയിലെ നജ്റാനിൽ ജൂലൈ 10നാണ് സിനോജ് മരിച്ചത്. എട്ടു വർഷമായി സൗദിയിലുള്ള സിനോജ് ജോലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. വെന്റിലേറ്ററിൽ ഒരാഴ്ച കഴിഞ്ഞു. മസ്തിഷ്കമരണം സംഭവിച്ചപ്പോൾ ഇന്ത്യൻ എംബസി മുഖേന സൗദി മന്ത്രാലയത്തിലെ അധികൃതർ സിനോജിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. കുടുംബാംഗങ്ങളുടെ ഇടപെടലിൽ അഞ്ചുപേർ ജീവിതം തിരികെ പിടിക്കുകയായിരുന്നു.
ഹൃദയം, കരൾ, വൃക്ക, പാൻക്രിയാസ് എന്നിവയാണ് ദാനംചെയ്തത്. ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച സിനോജിന്റെ മൃതദേഹം പടിഞ്ഞാറ്റിൻകര വീട്ടിലെ പൊതുദർശനത്തിനു ശേഷം പകൽ രണ്ടിന് മറുതമൺപള്ളി ദേവിക ഭവനിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ചിപ്പി. മകൾ: നാലു വയസ്സുകാരി ദ്രോണ
