കാടിറങ്ങി കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും വിളയാടുന്ന വന്യമൃഗങ്ങളെ തുരത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതവുമായി പത്താംക്ലാസുകാരായ ശിവാനി ശിവകുമാറും എ ജയസൂര്യയും.സ്മാർട്ട് അലർട്ട് സിസ്റ്റം ഫോർ ഫാർമേഴ്‌സ് (എസ് എ എസ് ഫോർ എഫ് ) എന്നാണ് പേര്.വന്യജീവികളെ പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും തീയിട്ടും അകറ്റുന്നതിനുപകരം അൾട്രാ ശബ്ദതരംഗങ്ങൾ, സ്‌ട്രോബ് ലൈറ്റുകൾ, ഓർഗാനിക് റിപ്പല്ലന്റ് എന്നിവയൊക്കെയാണ് തുരത്തൽ മാർഗങ്ങൾ.
നിർമ്മിത ബുദ്ധിയിലൂടെ 90ലേറെ വന്യജീവികളെ കോഡ് ചെയ്തിട്ടുണ്ട്.ഇതിലേത് ജീവി വന്നാലും എ ഐ തിരിച്ചറിയും.ഓരോ മൃഗത്തിനും യോജിച്ച അൾട്രാശബ്ദം, വെളിച്ചം, അതിന്റെ നിറം എന്നിവ മാറും.അൾട്രാതരംഗ ശബ്ദത്തിൽ ഏറിയ പങ്കും മനുഷ്യന് കേൾക്കാനാകില്ല.
എന്നാൽ അസ്വസ്ഥത തോന്നി ജീവികൾ കൃഷിയിടം വിട്ടോടും.തനിയെ പ്രവർത്തിക്കുന്ന പലനിറത്തിലുള്ള സ്‌ട്രോബ് ലൈറ്റുകളും ജീവികളെ ആട്ടിയകറ്റും.കൂടാതെ ഇഞ്ചി, വിനാഗിരി, വെളുത്തുള്ളി, മുട്ടത്തോട് എന്നിവകൊണ്ടുള്ള ഓർഗാനിക് റിപ്പല്ലന്റ് സ്‌പ്രിംഗ്ലറിലൂടെ കൃഷിസ്ഥലത്തെ അന്തരീക്ഷത്തിൽ തനിയെ സ്‌പ്രേചെയ്യും.മൃഗങ്ങൾ ഓടിയകലും.കർഷകന് എസ്. എം എസ് അലാറം അറിയിപ്പ് ലഭിക്കും.
എട്ടാംക്ലാസിൽ ജയസൂര്യയുടെ പ്രോജക്ടായിരുന്നു ഇത്.അന്ന് അൾട്രാ ശബ്ദസംവിധാനം മാത്രമായിരുന്നു.പിന്നീട് ശിവാനിയുമായി ചേർന്ന് നവീകരിക്കുകയായിരുന്നു.
അംഗീകാരം ഡൽഹിയിൽ
നിന്ന്സംസ്ഥാന സർക്കാരിന്റെ യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, ഡൽഹിയിൽ നടന്ന സി ബി എസ് ഇ ദേശീയ ശാസ്ത്ര എക്സിബിഷൻ തുടങ്ങി നിരവധി വേദികളിൽ പ്രോജക്ട് ശ്രദ്ധിക്കപ്പെട്ടു.കൃഷിസ്ഥലങ്ങളിൽ പരീക്ഷിക്കാനുള്ള കാത്തിരിപ്പിലാണ് ഇരുവരും.
വാഴക്കാല സ്വദേശികളായ അജിത്കുമാർ- അന്നപൂർണേശ്വരി ദമ്പതികളുടെ മകനാണ് ജയസൂര്യ.തെങ്ങോട് സ്വദേശികളായ ശിവകുമാർ- അഞ്ജലി ദമ്പതികളുടെ മകളാണ് ശിവാനി.