വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃ​ഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധം. ഇന്ത്യൻ വിപണിയിലെത്തുന്നവയിൽ വംശനാശഭീഷണി നേരിടുന്നവയുണ്ടോയെന്ന്‌ പരിശോധിക്കാനും സംരക്ഷിക്കപ്പെടാനുംവേണ്ടിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പൊതുവിൽ രാജ്യത്തെ വന്യജീവിപ്പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ, മൃ​ഗങ്ങൾ, ഉര​ഗവർ​ഗജീവികൾ എന്നിവയെ വളർത്താൻ ഇന്ത്യൻ വന്യജീവിസംരക്ഷണം അനുവദിച്ചിട്ടില്ല. ഇതേസമയമാണ് വിദേശ ഇനങ്ങൾക്ക് നാട്ടിൽ പ്രചാരമേറിയത്. വിദേശത്തുനിന്ന് വളർത്തുമൃ​ഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളില്ലെങ്കിലും വംശനാശഭീഷണി നേരിടുന്നവയെ അനധികൃതമായി എത്തിക്കുന്നത് തടയുകയാണ് ലക്ഷ്യം.

കൺവൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് എൻഡെൻജേർഡ് സ്പീഷിസിന്റെ ആദ്യ മൂന്ന് ഷെഡ്യൂളിൽപ്പെട്ട വിദേശയിനങ്ങളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം. മാർ‌മോസെറ്റ് മങ്കി, മക്കാവ് ഇനങ്ങളും ​ഗ്രേ പാരറ്റ്, സൺ കോന്യൂർ തുടങ്ങിയവയും ഈ പട്ടികയുടെ ഭാ​ഗമാണ്.

നിലവിൽ കൈവശമുള്ള പക്ഷികളുടെയും മൃ​ഗങ്ങളുടെയും ഉടമസ്ഥാവകാശത്തിനായി കേന്ദ്ര സർക്കാരിന്റെ പരിവേഷ് 2.0 എന്ന പോർട്ടലിൽ 31നകം രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു. വെബ്സൈറ്റ് : https://parivesh.nic.in. ഫീസായ 1000 രൂപ 0406-01-800-87-00 എന്ന ബഡ്ജറ്റ് ഹെഡിൽ അടച്ച രസീത്, മറ്റ് അനുബന്ധരേഖകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0471-2529335, 9188566056.