യാത്രക്കാർക്ക്‌ ട്രെയിൻ ടിക്കറ്റെടുക്കാൻ വരിനിന്ന്‌ കഷ്ടപ്പെടേണ്ട, ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ യുപിഐ വഴി പണമടച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ടിക്കറ്റ്‌ കൈയിൽ കിട്ടും. പാലക്കാട്‌ ഡിവിഷനിലെ 85 റെയിൽവേ സ്‌റ്റേഷനിലാണ്‌ ടിക്കറ്റെടുക്കൽ എളുപ്പമാക്കാൻ നടപടി സ്വീകരിച്ചത്‌. യുടിഎസ്‌ (അൺ റിസർവ്‌ഡ്‌ ടിക്കറ്റിങ് സിസ്‌റ്റം) കൗണ്ടറുകളിൽനിന്ന്‌ ടിക്കറ്റുകൾ എടുക്കാനാണ്‌ ക്യുആർ കോഡ്‌ സംവിധാനം ഉപയോഗിക്കുക. ഇതിനായി ഡിവിഷനിൽ 104 മെഷീൻ സ്ഥാപിച്ചു. ജനറൽ ടിക്കറ്റ്‌, റിസർവ്‌ഡ്‌ ടിക്കറ്റ്‌, അൺ റിസർവ്‌ഡ്‌ ടിക്കറ്റ്‌, പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ എന്നിവയെല്ലാം ലഭിക്കും. 

നിലവിൽ പാലക്കാട്‌ ഡിവിഷനിൽ 25 സ്‌റ്റേഷനിൽ 63 ഓട്ടോമാറ്റിക്‌ ടിക്കറ്റ്‌ വെന്റിങ്‌ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്‌. സ്‌മാർട്ട്‌ കാർഡോ കൈയിൽ പണമോ ഇല്ലാതെ ടച്ച്‌ സ്‌ക്രീനിൽ വിവരങ്ങൾ നൽകി ടിക്കറ്റെടുക്കാം. രണ്ട്‌ സംവിധാനങ്ങളും ഒരേ സമയം പ്രവർത്തിക്കുന്നതിനാൽ റെയിൽവേ സ്‌റ്റേഷനുകളിൽ ടിക്കറ്റെടുക്കാനിപ്പോൾ തിരക്കില്ല. ഈ സംവിധാനങ്ങളുമായി ജനങ്ങൾ കൂടുതൽ ഇടപഴകിക്കഴിഞ്ഞാൽ കൗണ്ടർവഴിയുള്ള ടിക്കറ്റെടുപ്പ്‌ റെയിൽവേ അവസാനിപ്പിക്കും.

നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം പാലക്കാട്‌ ഡിവിഷനിലെ യാത്രക്കാർക്ക്‌ ഏറെ ഗുണകരമാകുമെന്നും ടിക്കറ്റ്‌ എടുക്കാനുള്ള എളുപ്പമാർഗം കൊണ്ടുവന്നതിന്‌ അഭിന്ദനം ലഭിച്ചുവെന്നും ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു. പാലക്കാട് ഡിവിഷനിൽ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ സമീപഭാവിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/IHGbDcvFBSK11SoiIboCOF


error: Content is protected !!