സംസ്ഥാനത്ത് ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേളക്ക് തുടക്കമായി. തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ സെപ്റ്റംബർ 14 വരെയാണ് മേള.
കേരളം, ജമ്മു കാശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജാർഖണ്ഡ്, തമിഴ്നാട്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പ്രാധിനിത്യം ഈ പ്രദർശന വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ ഉല്പന്നങ്ങളായ ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾ, ചേന്ദമംഗലം, കുത്താമ്പുള്ളി എന്നീ പ്രധാനപ്പെട്ട ഭൗമസൂചിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. ഉത്തർ പ്രദേശിലെ ചന്ദേരി സാരികൾ, ജമ്മു കശ്മീരിലെ പഷ്മീന ഷാളുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിര തന്നെ മേളയിലെ സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത തൊഴിൽ മേഖലയായ കൈത്തറി വ്യവസായത്തിന്റെ ഉൽപ്പന്നങ്ങൾ ഓണ വിപണിയിൽ സജീവമാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന ഗവണ്മെന്റ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാവ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ പങ്കാളിത്തത്തോടു കൂടിയാണ് ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 14 വരെ കനകക്കുന്നിലെ സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ കൈത്തറി വസ്ത്ര പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്. ഏകദേശം 50 ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പെടുന്ന ഇന്ത്യയിലെ കൈത്തറി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് മേള സഹായകരമാകുന്നു.
കേരളത്തിലെ 25000 തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ ആകർഷകമായ രീതിയിൽ അവരിപ്പിച്ച് ഉൽപ്പന്നങ്ങളുടെ മൂല്യം ഉപഭോക്താക്കൾക്ക് മനസിലാക്കി കൊടുക്കുന്നതിനും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങൾ കേരളത്തിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിന് മേള സഹായകരമായിരിക്കും. ഹാൻടെക്‌സ്, ഹാൻവീവ് ഉൾപ്പെടെ സംസ്ഥാനത്ത് 40 ഓളം കൈത്തറി സംഘങ്ങളും അന്യ സംസ്ഥാനത്തു നിന്നുള്ള 26 സംഘങ്ങളും ഈ മേളയിൽ ഒരുക്കിയിരിക്കുന്ന 64 സ്റ്റാളുകളിലായി അണിനിരക്കും.