
തലസ്ഥാനജില്ലയുടെ ഐടി മേഖലയായ കഴക്കൂട്ടത്ത് സ്‌ത്രീകൾക്ക് താമസ സൗകര്യമൊരുക്കാൻ തിരുവനന്തപുരം നഗരസഭ നിർമിച്ച “നിവാസം’ ഷീ ലോഡ്ജ് ഓണത്തിന് തുറന്നുനൽകും. നഗരത്തെ സ്ത്രീ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി നഗരസഭ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കഴക്കൂട്ടത്ത് ഷീ ലോഡ്ജ് നിർമിച്ചത്.
നിലവിൽ അവസാനഘട്ട അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അഭിമുഖങ്ങൾ, മത്സരപരീക്ഷകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി കഴക്കൂട്ടത്തും സമീപപ്രദേശങ്ങളിലുമെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാൻ ഒരിടമാകും ‘നിവാസം’.
മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. മുറിവാടക സംബന്ധിച്ച തീരുമാനം ഉദ്‌ഘാടനസമയത്ത് അറിയിക്കും. നഗരസഭയുടെ നേതൃത്വത്തിൽ കഴക്കൂട്ടം സോണൽ ഓഫീസിനുസമീപം നാലുനിലയിലായി അഞ്ച് എസി റൂം ഉൾപ്പെടെ 22 റൂമുകളുടെ നിർമാണം പൂർത്തിയായി.
കൂടാതെ കാർ പാർക്കിങ് സൗകര്യവും ഓഫീസ് സ്പേസും ഉണ്ട്. -4.75 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. രണ്ട് നിലകളിൽ 11 മുറി വീതമാണുള്ളത്. ഒരു നിലയിൽ പാർക്കിങ് സൗകര്യവും മറ്റൊന്നിൽ ഓഫീസ് സ്‌പേസുമാണുള്ളത്. 2019 ഫെബ്രുവരി 11ന് വി കെ പ്രശാന്ത് മേയറായിരുന്നപ്പോഴാണ് കെട്ടിടത്തിന് കല്ലിട്ടത്.


