നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വാദ്യമാക്കുന്നതിനും തനത് വിഭവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ഇടം ഒരുക്കുന്നതിനുമായി നഗര ഹൃദയത്തില്‍ ‘നൈറ്റ് ലൈഫ് ‘ പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും.ബഹു. എംഎൽഎ എം.നൗഷാദ് ൻ്റെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ക്യു.എ.സി. റോഡ് കേന്ദ്രീകരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുക.മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനുമുള്ള ഇടം എന്നതിലുപരി കൊല്ലത്തിന്റെ തനതു രുചികള്‍ ലഭ്യമാക്കുന്ന ഫുഡ് സ്ട്രീറ്റും പദ്ദതിയില്‍ ഉള്‍പെടുത്തും.ജൈവവൈവിധ്യ സര്‍ക്യുട്ടിന്റെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും.ടൗണ്‍ ഹാള്‍, പീരങ്കി മൈതാനം, റെയില്‍വേ മേല്‍പാലം, കല്ലുമാല സ്‌ക്വയര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിങ്ങനെ പ്രാധാന്യമുള്ള ഒട്ടേറെ ഇടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നത് കണക്കിലെടുത്ത് അവകൂടി ഉള്‍പ്പെടുത്തിയാവണം രൂപരേഖ വികസിപ്പിക്കേണ്ടത് എന്ന് എം.എല്‍.എ പറഞ്ഞു.

നിലവിലുള്ള പ്രവൃത്തികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതെയാവണം പദ്ധതിയെന്നും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .ടി കെ എം എഞ്ചിനീയറിംഗ് കോളേജ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിനാണ് രൂപകല്‍പന ചുമതല.കോര്‍പ്പറേഷന്‍, ഫുഡ്സേഫ്റ്റി, പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.