ജില്ലയുടെ കായികമുന്നേറ്റത്തിൽ കരുത്ത് പകർന്ന് കൊല്ലത്ത് സ്പോർട്സ് അക്കാദമി ഹോസ്റ്റൽ വരുന്നു. സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 2.5 കോടി വിനിയോഗിച്ച് ആശ്രാമം ഹോക്കി സ്റ്റേഡിയം കോമ്പൗണ്ടിലാണ് പുതിയ ഹോസ്റ്റൽ. 14 ജില്ലയിലും എലൈറ്റ് സ്‌പോർട്‌സ് അക്കാദമികൾ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യം നിർമിക്കുന്ന ഹോസ്റ്റലാണ് കൊല്ലത്തേത്.
മൂന്ന് റൂമിലായി 25പേർക്കുള്ള താമസ സൗകര്യം, ഓഫീസ് റൂം, വാർഡൻ റൂം, ഡൈനിങ് ഏരിയ, കിച്ചൺ, ഫ്രീസർ റൂം, സ്റ്റോർ റൂം എന്നിവ ഉൾപ്പെട്ട ഹോസ്റ്റൽ ബിൽഡിങ്, ഇന്റർലോക്ക് ബ്ലോക്ക് ലേയിങ്, സരസ്വതി കൺസ്ട്രക്‌ഷൻസാണ് 2.16കോടി രൂപയ്ക്ക് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്. നിർമാണ കാലാവധി 10 മാസമാണ്.
വ്യാഴം പകല്‍ 3.30 ന് മന്ത്രി വി അബ്ദുറഹ്മാൻ നിർമാണോദ്ഘാടനം നിർവഹിക്കും. എം മുകേഷ് എംഎൽഎ അധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ്, എൻ കെ പ്രേമചന്ദ്രൻ എംപി, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവർ മുഖ്യാതിഥികളാകും.
കൊല്ലം അസംബ്ലി നിയോജക മണ്ഡലത്തിൽ കായിക വകുപ്പ് മുഖേന 3.50 കോടിയുടെ രണ്ടു പ്രവൃത്തികളാണ് നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്നത്. സ്പോർട്സ് അക്കാദമി ഹോസ്റ്റൽ കുടാതെ ഒരു കോടി ചെലവിൽ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ തൃക്കരുവ മിനി സ്റ്റേഡിയം നിർമാണോദ്‌ഘാടനവും നടക്കും. 39.92 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച കൊല്ലം ഹോക്കി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചു.