കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുതിപ്പും ഊര്‍ജവും പകരുന്നതിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2024ന് തുടക്കമായി. സ്റ്റാര്‍ട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചര്‍ച്ച ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പരിപാടിയില്‍ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പ് രംഗത്ത് മികവ് തെളിയിച്ച കമ്പനികളുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള സ്റ്റാള്‍ ഈ കോണ്‍ക്ലേവിലെ ഒരു പ്രധാന ആകര്‍ഷണമാണ്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി.) ബിസിനസ് 10,000 കോടി രൂപയാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവും ബിസിനസ്പരവുമായ കാര്യങ്ങള്‍ക്കപ്പുറം അവയുടെ ഇന്ധനമായ ധനലഭ്യതക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഇത്തരത്തില്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുതിപ്പും ഊര്‍ജവും പകരുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കോണ്‍ക്ലേവ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണിന്ന് കെ എഫ് സി. ഇന്ത്യയില്‍ തന്നെ മുന്‍നിരയിലുള്ള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് നമ്മുടേത്. കെ എഫ് സി യുടെ ധനസഹായത്തോടെ ഒട്ടേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനകരമാണ്. ഇവയില്‍ 700-800 കോടി ടേണ്‍ ഓവറുള്ള വ്യവസായ സ്ഥാപനങ്ങള്‍ വരെയുണ്ട്.
കെ എഫ് സി യെ നിക്ഷേപക സൗഹൃദമാക്കാന്‍ ഒട്ടേറെ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കെഎഫ്‌സി നല്‍കുന്ന വായ്പകളുടെ പലിശനിരക്ക് കുറക്കുകയും കെഎഫ്‌സിയുടെ മൂലധന നിക്ഷേപം 300 കോടിയില്‍ നിന്ന് ഇരട്ടിയാക്കുകയും ചെയ്തു. കടത്തിന്റെ പരിധി വര്‍ധിപ്പിച്ചു. നിലവില്‍ 7368 കോടി വായ്പ നല്‍കിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കെഎഫ്‌സിയുള്ളതുകൊണ്ടാണ് സംരംഭം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് പറയുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടിന്നിവിടെ. അവര്‍ക്ക് എളുപ്പത്തില്‍ ധനലഭ്യത ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള 5.6 ശതമാനം പലിശനിരക്കില്‍ നല്‍കുന്ന വായ്പ രണ്ട് കോടിയില്‍ നിന്ന് മൂന്ന് കോടിയാക്കാനും സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 10 കോടി രൂപയുടെ വായ്പ 15 കോടിയാക്കാനുമുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറക്ക് അവരുടെ ആശയങ്ങള്‍ കേരളത്തില്‍തന്നെ നടപ്പാക്കാനാവും വിധമുള്ള സ്റ്റാര്‍പ്പ് എക്കോസിസ്റ്റം ഇന്ന് കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചര്‍ച്ച ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത പരിപാടിയില്‍ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പ് രംഗത്ത് മികവു തെളിയിച്ച കമ്പനികളുടെ ഉത്പന്നങ്ങള്‍ കോണ്‍ക്ലേവില്‍ പ്രദര്‍ശിപ്പിച്ചു. മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്‌കാരദാനവും ഈ ധനകാര്യവര്‍ഷത്തെ കെ.എഫ്.സി.യുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ഗ്രീന്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ വിഭാഗത്തില്‍ എറണാകുളത്തെ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡും സോഷ്യല്‍ ഇംപാക്ടര്‍ വിഭാഗത്തില്‍ ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും എഡ്യുടെക് സ്റ്റാര്‍ട്ടപ് വിഭാഗത്തില്‍ വിസികോം നര്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡും എമര്‍ജിങ് സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ എറണാകുളത്തെ കഥ ഇന്‍ഫോംകോം പ്രൈവറ്റ് ലിമിറ്റഡ്, പയോനൊമെഡ് ബിയോജെനിക്‌സ് തിരുവനന്തപുരം, ഫാബസ് ഫ്രെയിംസ് കാസര്‍കോട്, ഇറോവ് ടെക്‌നോളജീസ് എറണാകുളം എന്നിവയും പുരസ്‌കാരം നേടി.സര്‍ക്കാരിനുള്ള ഈ വര്‍ഷത്തെ കെഎഫ്‌സിയുടെ ലാഭവിഹിതമായ 35.83 കോടി രൂപയുടെ ചെക്ക് ചടങ്ങില്‍ വെച്ച് കെ.എഫ്.സി. ചെയര്‍മാന്‍ സഞ്ജയ് കൗള്‍ മന്ത്രിക്ക് കൈമാറി.
കെ.എഫ്.സി. സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികള്‍ക്കായി 78.52 കോടി രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം പുതിയതായി 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് പദ്ധതിയുണ്ട്.