
സൗദി അറേബിയയിലെ റബ് അൽ ഖാലി മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിലെ കരീംനഗർ സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാൻ(27) ആണ് മരിച്ചത്. മൂന്ന് വർഷമായി സൗദി അറേബിയയിലെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിൽ ജോലി ചെയ്ത് വരികയയിരുന്നു.
മുഹമ്മദും സഹപ്രവർത്തകനും ജോലിയുടെ ആവശ്യത്തിനായി മരുഭൂമി പ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ വണ്ടിയുടെ ഇന്ധനം തീർന്ന് അവിടെ കുടുങ്ങുകയായിരുന്നു. മൊബൈൽ ഫോൺ ചാർജ് തീർന്ന് ഓഫായതോടെ ജിപിഎസ് സംവിധാനവും നഷ്ടപ്പെട്ടു. മുഹമ്മദിനെയും സഹപ്രവർത്തകനെയും മരുഭൂമിയിൽ അവർ സഞ്ചരിച്ച വാഹനത്തിനരികെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാല് ദിവസം മരുഭൂമിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ നിർജലീകരണവും തളർച്ചയുമാണ് മരണകാരണമെന്നാണ് വിവരം. സൗദി അറേബ്യയുടെ തെക്കൻ പ്രദേശങ്ങളിലും അയൽ രാജ്യങ്ങളിലുമായി 650 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന റബ് അൽ ഖാലി മരുഭൂമിയിൽ നാല് ദിവസമായി ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.
