ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08ന്റെ വിക്ഷേപണം ഓഗസ്റ്റ് 15ന്. രാവിലെ 9.17നു ശ്രീഹരിക്കോട്ടയില്‍നിന്നാണു വിക്ഷേപണം. പാരിസ്ഥിതിക നിരീക്ഷണം മുതല്‍ ദുരന്തനിവാരണവും ഗഗയന്‍യാന്‍ ദൗത്യത്തിലെ സാങ്കേതികതിവിദ്യയുടെ അവതരണവും ലക്ഷ്യമിടുന്നതാണ് ഇഒഎസ്-08 എന്ന ചെറു ഉപഗ്രഹം. 175.5 കിലോഗ്രാ മാത്രമാണ് ഭാരം.

മൈക്രോസാറ്റ്/ഐ എം എസ് -1 ബസില്‍ നിര്‍മിച്ച ഇ ഒ എസ് -08മൂന്ന് പ്രധാന പേലോഡുകളാണ് വഹിക്കുന്നത്. ഇലക്‌ട്രോ ഒപ്റ്റ്ിക്കല്‍ ഇന്‍ഫ്രാറെഡ് പേലോഡ് (ഇഒഐആര്‍), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ലെക്‌റ്റോമെട്രി പേലോഡ് (ജിഎന്‍എസ്എസ്-ആര്‍), സിക് യുവി ഡോസിമീറ്റര്‍ എന്നിവയാണവ.

സാറ്റലൈറ്റ് അധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, തീപിടിത്തം കണ്ടെത്തല്‍, അഗ്‌നിപര്‍വത നിരീക്ഷണം, വ്യാവസായിക- വൈദ്യുതനിലയ ദുരന്ത നിരീക്ഷണം എന്നിവയുടെ കാര്യത്തില്‍ പകലും രാത്രിയും മിഡ്-വേവ് ഐആര്‍ (എംഐആര്‍), ലോംഗ്-വേവ് ഐആര്‍ (എല്‍ഡബ്ല്യുഐആര്‍) ബാന്‍ഡുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനാണ് ഇഒഐആര്‍ പേലോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജിഎന്‍എസ്എസ്-ആര്‍ അടിസ്ഥാനമാക്കിയുള്ള റിമോട്ട് സെന്‍സിങ്് ഉപയോഗിക്കുന്നതിനുള്ള കഴിവുള്ള ജിഎന്‍എസ്എസ്-ആര്‍ പേലോഡ് സമുദ്രോപരിതലത്തിന്റെ കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈര്‍പ്പം വിലയിരുത്തല്‍, ഹിമാലയന്‍ മേഖലയിലെ ക്രയോസ്ഫിയര്‍ പഠനം, വെള്ളപ്പൊക്കം കണ്ടെത്തല്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍ നിരീക്ഷിക്കല്‍ തുടങ്ങിയവയ്ക്കുവേണ്ടിയുള്ളതാണ്.

അതേസമയം, മനുഷ്യരെ വഹിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശായാത്രാ ദൗത്യമായ ഗഗന്‍യാനിലെ ക്രൂ മൊഡ്യൂളിന്റെ വ്യൂപോര്‍ട്ടില്‍ യുവി വികിരണം നിരീക്ഷിക്കുകയും ഗാമാ വികിരണത്തിനുള്ള ഉയര്‍ന്ന ഡോസ് അലാറം സെന്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് സിക് യുവി ഡോസിമീറ്റര്‍.