കൊല്ലം: വൈദ്യശാസ്ത്രരംഗത്തെ അതിനൂതന സാങ്കേതിക സംവിധാനമായ റോബോട്ടിക് സർജറി വിഭാഗം എൻ എസ് സഹകരണ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലയിൽ ആദ്യവും സഹകരണ മേഖലയിൽ ഇന്ത്യയിൽ ആദ്യവുമാണിത്. തിങ്കൾ വൈകിട്ട്‌ 4.30ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ റോബോട്ടിക് വിഭാഗം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ അധ്യക്ഷനാകും. എം നൗഷാദ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ തുടങ്ങിയവർ പങ്കെടുക്കും.

 

ഓർത്തോപീഡിക്സ് ഡിപ്പാർട്ട്‌മെന്റിനോട് അനുബന്ധിച്ച് റോബോട്ടിക് ജോയിന്റ് റീപ്ലേയ്‌സ്‌മെന്റ് സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഹൈടെക് ചികിത്സാ സംവിധാനം ഇതോടെ കൊല്ലം ജനതയ്ക്കും ലഭ്യമാകും. 2006ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ നാളിതുവരെ നാലായിരത്തിധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ അപൂർവ റെക്കോഡാണിത്. ഡോക്ടർമാരായ ജി അഭിലാഷ്, ബിമൽ എ കുമാർ, സി പ്രശോഭ്, ഷാഹിദ് ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് റോബോട്ടിക് ശസ്ത്രക്രിയ നിർവഹിക്കുന്നത്.

പന്ത്രണ്ട്‌ തിയറ്ററും അനുബന്ധ സൗകര്യങ്ങളുമുള്ള ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സാണ് ആശുപത്രിയിലുള്ളത്. അമ്പതിനടുത്ത്‌ സർജൻമാരും അനസ്തേഷ്യോളിസ്റ്റുമാരുമടക്കം 150ൽ അധികം ജീവനക്കാരുള്ള പ്രത്യേക ഓപ്പറേഷൻ തിയറ്റർ ടീമിന്റെ നേതൃത്വത്തിൽ പ്രതിവർഷം പതിനായിരത്തിലധികം ശസ്ത്രക്രിയ നടന്നുവരുന്നു. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ അതിവിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് റോബോട്ടിക് സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ മാധവൻ പിള്ള, സെക്രട്ടറി പി ഷിബു, മെഡിക്കൽ സൂപ്രണ്ട്‌ ടി ആർ ചന്ദ്രമോഹൻ എന്നിവർ അറിയിച്ചു.


error: Content is protected !!