കൊല്ലം ജില്ലയുടെ തൊഴില്‍ സംസ്‌കാരം പ്രയോജനപ്പെടുത്തുന്ന നൈപുണ്യ പരിശീലന പരിപാടികള്‍ പൊതു സ്വകാര്യമേഖലയിലെ പരിശീലന ദാതാക്കളുടെ സഹായത്തോടെ നടപ്പാക്കണം എന്ന് ബഹു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തൊഴില്‍ പരിശീലന ദാതാക്കളുടെ ജില്ലാതല സമ്മിറ്റ് കൊട്ടാരക്കര ഹൈലാന്‍ഡ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയില്‍ കശുവണ്ടി മേഖല സജീവമായിരുന്ന കാലത്ത് സ്ത്രീകള്‍ അടക്കം തൊഴില്‍ ചെയ്ത് വരുമാനം ഉണ്ടാക്കിയിരുന്ന പശ്ചാത്തലമാണ് ജില്ലയ്ക്കുള്ളത്ഇന്നത്തെ സാഹചര്യത്തിന് ഇണങ്ങുന്ന വിധമുള്ള തൊഴില്‍ പരിശീലനം നല്‍കിയാല്‍ തൊഴില്‍ മേഖലയില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയും.ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള മേഖലകളിലെ തൊഴില്‍ പരിശീലന സാധ്യതകള്‍ ജില്ലയില്‍ പരിഗണിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

വൈവിധ്യമുള്ള സാധ്യതകള്‍ കണ്ടെത്തി ജോലി നേടാന്‍ യുവാക്കളെ പ്രാപ്തരാക്കുന്ന നൈപുണ്യ പരിശീലന പരിപാടികള്‍ ആവശ്യമാണ്.ഇതിന് പൊതുമേഖലയ്ക്ക് പുറമേ പ്രവര്‍ത്തിക്കുന്ന നൈപുണ്യ പരിശീലന ദാതാക്കളെകൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂടിയാലോചനകള്‍ നടത്തി ഫലപ്രദമായ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.

മികച്ച ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായിക്കുന്ന പ്രായോഗികമായ ആശയങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന പരിപാടികളുമായി ഏകോപിപ്പിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.ജില്ലാ കളക്ടര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനോദ് ടിവി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാഘവന്‍, വിവിധ മേഖലകളിലെ തൊഴില്‍ പരിശീലന ദാതാക്കളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മിറ്റില്‍ പങ്കെടുത്തു.

സമ്മിറ്റില്‍ ഉരുത്തിരിയുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രൊപ്പോസലുകള്‍ പരിശോധിച്ചു പരിശീലന പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ലക്ഷ്യം ഇടുന്നത്.