വയനാട് ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങളിലെ കോളേജ് വിദ്യാര്‍ഥികളുടെ പ്രശ്നപരിഹാരത്തിനും പുനരാധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോര്‍ഡിനേഷന്‍ സെല്‍ കല്‍പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍, എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്നിക്കുകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ നിന്ന് ആവശ്യമായ സേവനം ലഭിക്കും.

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക, പരീക്ഷ എഴുതാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, പുനരധിവാസ നടപടികള്‍ കൈക്കൊള്ളുക എന്നിവയാണ് സെല്ലിന്റെ ചുമതല. ജില്ലയിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക പ്രതിനിധികളെ ഉള്‍കൊള്ളിച്ചാണ് സെല്ലിന്റെ പ്രവര്‍ത്തനം. വിവരശേഖരണത്തിന് അധ്യാപകരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹെല്‍പ്പ് ഡെസ്‌കും ഉടന്‍ ആരംഭിക്കും. കോര്‍ഡിനേഷന്‍ സെല്ലിന്റെ നോഡല്‍ ഓഫീസറായി കല്‍പറ്റ ഗവ കോളേജ് അധ്യാപകന്‍ സോബിന്‍ വര്‍ഗീസിനെ ചുമതലപ്പെടുത്തി. 9496810543 എന്ന നമ്പറില്‍ സെല്ലുമായി ബന്ധപ്പെടാം.